ബസ് അതിവേഗതയിലാണ് പാഞ്ഞു കൊണ്ടിരുന്നത്. മറ്റൊരു ബസിനെ ഓവർ ടേക്ക് ചെയ്യാനുള്ള ഉന്മാദത്തിലാണ് ഡ്രൈവർ. കാത്തു വിചാരിച്ചു: ചിലപ്പോൾ ഈ ഡ്രൈവറും തന്നെപ്പോലെ ജീവിതത്തെ വെറുത്തു പോയവനായിരിക്കാം. ബസ് വലിയൊരപകടത്തിൽ പെടുകയും അതിൽ താനങ്ങ് മരിച്ചു പോവുകയും ചെയ്തിരുന്നെങ്കിൽ എന്നവളാഗ്രഹിച്ചു. ജീവിച്ചിരിക്കാനുള്ള ആഗ്രഹം അവളിൽ അത്രക്കും നഷ്ടപ്പെട്ട് പോയിരുന്നു.
നേരെ നഗരത്തിൽ ചെല്ലുക.അവിടെ നിന്ന് ബീച്ചിലേക്ക്. ബീച്ചിന്റെ പടിഞ്ഞാറേ ഭാഗത്ത് ഒരു പാറക്കൂട്ടമുണ്ട്. ഉച്ച സമയത്ത് അവിടെ ആളുകളൊന്നും കാണില്ല. ഇനി അഥവാ ആരെങ്കിലും ഉണ്ടെങ്കിൽ തന്നെയും കടലിൽ വീണ ഒരാളെ രക്ഷിക്കാനൊന്നും അവർ മിനക്കെടാൻ പോകുന്നില്ല. അതുമല്ല ആ ഭാഗത്ത് കടലിൽ വീണ ഒരാളും രക്ഷപെട്ട ചരിത്രവുമില്ല.അവിടെ , തിരമാലകൾ ആർത്തനാദത്തോടെ കരിമ്പാറകളുടെ നെഞ്ചിൽ തലയട്ടടിക്കുന്ന ആ കടലിൽ തന്റെ ശരീരവും ജീവിതവും ഉപേക്ഷിക്കാനായിരുന്നു കാത്തുവിന്റെ തീരുമാനം. പിന്നെ ആ കടൽത്തീരത്ത് ആ പാറക്കൂട്ടങ്ങൾക്ക് മുകളിൽ കണ്ണനെയും കാത്തിരിക്കണം, അവൻ തന്റെ അരികിലേക്ക് വരുന്നത് വരെ .
ബസിപ്പോൾ ഒരു ബ്ലോക്കിൽ പെട്ട് കിടപ്പാണ്.അവൾ അക്ഷമയായി. നാശം... ഈ ബ്ലോക്ക് വേഗം മാറിക്കിട്ടിയിരുന്നെങ്കിൽ...പെട്ടെന്ന് ശരീരത്തിലെന്തോ ഇഴയുന്നത് പോലെ അവൾക്ക് തോന്നി. അവൾ ഞെട്ടിത്തിരിഞ്ഞ് നോക്കി. പിറകിൽ നില്ക്കുന്ന തടിയനാണ്. അവൾ തിരിഞ്ഞ് നോക്കിയതും അയാൾ കൈകൾ പിൻവലിച്ചു. കാത്തു വേഗം കുറച്ചുകൂടി മുന്നിലേക്ക് നീങ്ങി നിന്നു .അവളുടെ മനസിൽ വിഷാദത്തിനും മരണചിന്തക്കും പകരം ഭയം നിറഞ്ഞു.അവളുടെ കൈയും കാലും വിറക്കാൻ തുടങ്ങി.
ബസ് വീണ്ടും മുന്നോട്ട് നീങ്ങി.അപ്പോൾ ശരീരത്തിൽ ആരോ ചാരിയതവളറിഞ്ഞു. കഴുത്തിൽ സിഗരറ്റിന്റെ മണമുള്ള വൃത്തികെട്ട നിശ്വാസം തട്ടുന്നു.അവൾ പെട്ടെന്ന് തിരിഞ്ഞ് അയാളെ പിറകിലേക്ക് തള്ളി നീക്കി.
"എന്താടോ താനീ ചെയ്യുന്നത് ?" ഭയത്താൽ അവളുടെ വാക്കുകൾ വിറക്കുന്നുണ്ടായിരുന്നു.
എന്താ മോളേ പ്രശ്നം..? ഒരു മധ്യവയസ്കൻ ചോദിച്ചു.
ഇയാളെന്നെ... അവൾ വിതുമ്പിപോയി.
ഒന്നുമില്ല സാറേ.. ഇവളുടെ ദേഹത്ത് അബദ്ധത്തിൽ ഒന്ന് തട്ടിപ്പോയി. അതിനാ... തടിയൻ നല്ല പിള്ള ചമഞ്ഞു.
തട്ടാതേം മുട്ടാതേം പോണമെങ്കിൽ വല്ല ഓട്ടോയും പിടിച്ചു പോണം... സീറ്റിലിരുന്ന ഒരു സ്ത്രീ പിറുപിറുത്തു.
തട്ടിയതല്ല..ഇയാളെന്നെ കേറി പിടിച്ചു.... കാത്തു ഉറക്കെ പറഞ്ഞു.
എടീ അനാവശ്യം പറഞ്ഞാൽ അടിച്ച് കരണക്കുറ്റി പുകക്കും ഞാൻ... തടിയൻ കൈയോങ്ങി.
നീയാ അനാവശ്യം കാട്ടിയത്... നിന്നെ ഞാൻ പോലീസ് സ്റ്റേഷനിൽ കയറ്റും...
നീ കേറ്റടീ.. അതിരാവിലെ ഓരോവളുമാര് ഇറങ്ങിക്കൊള്ളും. അവിടെ പിടിച്ചു ഇവിടെ പിടിച്ചു , പോലീസ് സ്റ്റേഷനിൽ കേറ്റും എന്നൊക്കെ ഭീഷണിപ്പെടുത്തി ആണുങ്ങളുടെ കൈയിൽ നിന്നും പണം തട്ടാൻ.. പോയി വല്ല പണിയും ചെയ്ത് ജീവിക്കെടീ.. തടിയൻ അലറി.യാത്രക്കാരൊക്കെ കാത്തുവിനെ കുറ്റപ്പെടുത്തിയും തടിയനെ ന്യായീകരിച്ചും സംസാരിക്കാൻ തുടങ്ങി.
താൻ അപമാനിക്കപ്പെട്ടിരിക്കുന്നു. അതും പട്ടാപകൽ ഒരു ബസിൽ വച്ച്. വാക്കുകൾ കൊണ്ട് താൻ വീണ്ടും അപമാനിക്കപ്പെടുന്നു.തന്റെ ഭാഗം പറയാനോ തന്റെ കൂടെ നില്ക്കാനോ ആരുമില്ല. അവൾക്ക് സങ്കടം അടക്കാൻ കഴിഞ്ഞില്ല.
കണ്ടില്ലേ കള്ളി കരയുന്നത്... കരഞ്ഞ് രക്ഷപ്പെടാമെന്ന് നീ വിചാരിക്കണ്ട... മാന്യൻമാരെ പൊതുജനമധ്യത്തിൽ വച്ച് അപമാനിക്കുന്ന നിന്നെപ്പോലുള്ളവർ അങ്ങനെ രക്ഷപ്പെടാൻ പാടില്ല.എടോ..വണ്ടി സ്റ്റേഷനിലേക്ക് വിട്.... തടിയൻ ഡ്രൈവറോടായി അലറി.
മതി.. നിർത്തടാ.....!അപ്പോൾ പിന്നിൽ നിന്നും ഒരു ശബ്ദം കേട്ടു. ഒരാൾ തിരക്കിലൂടെ വഴിയുണ്ടാക്കി മുന്നോട്ട് വരികയാണ്.
തനിക്ക് ചിരപരിചിതമായ ശബ്ദം. കാത്തു ആശ്ചര്യത്തോടെ മുഖമുയർത്തി നോക്കി.കണ്ണൻ....!
കാത്തു കണ്ണന്റെ സമീപത്തേക്ക് ചെന്ന് അവനെ പൂണ്ടടങ്ങം കെട്ടിപ്പിടിച്ചു ഏങ്ങലടിച്ച് കരയാൻ തുടങ്ങി " കണ്ണാ.... ഇവനെന്നെ..."
ഓ... അപ്പോ നീ ഒറ്റക്കല്ല... സംഘം ചേർന്നാണ് ഓപ്പറേഷൻ... തടിയൻ കാത്തുവിനെ പരിഹസിച്ചു.
നിർത്തടാ നായിന്റെ മോനേ... പെട്ടെന്നാണ് കണ്ണന്റെ മുഖഭാവം മാറിയത്.ബസിൽ കേറി പെണ്ണുങ്ങളെ പിടിച്ചിട്ട് ഹരിശ്ചന്ദ്രൻ ചമയുന്നോ..? നിന്റെ വീട്ടിൽ ഭാര്യ ഇല്ലാത്തതു കൊണ്ടാണോ ,അതോ ഭാര്യ നിന്നെ അടുപ്പിക്കാത്തതു കൊണ്ടാണോ നീയീ തന്തയില്ലായ്മ കാട്ടിയത് ?കണ്ണൻ അലറുകയായിരുന്നു.
കാത്തു അമ്പരപ്പോടെ കണ്ണനെ നോക്കി.ഇതു പോലെ വയലന്റായി കണ്ണനെ അവൾ കണ്ടിട്ടേ ഇല്ലായിരുന്നു.
ആ തടിയന്റെ കോളറിൽ കുത്തിപ്പിടിച്ചു കൊണ്ട് കണ്ണൻ അലറി: ഇവളെന്റെ പെണ്ണാടാ..ഇവളെ അപമാനിച്ച നിന്നെ ഞാൻ ....
"ഇവളെന്റെ പെണ്ണാടാ........." കണ്ണനിൽ നിന്നുയർന്ന ആ വാക്കുകൾ കേട്ടപ്പോൾ കാത്തുവിന്റെ മനസിൽ ആയിരം പൗർണ്ണമികൾ ഒരുമിച്ച് വിരിഞ്ഞു.എത്രയോ നാളായി ഒന്ന് കേൾക്കാൻ കൊതിച്ചിരുന്ന ആ വാക്കുകൾ കാതിൽ തൊട്ടപ്പോൾ അവളുടെ ഓരോ കോശവും ഓരോ പൂവായി വിടർന്നു.
തടിയന്റെ നിലവിളി കേട്ടാണ് അവൾ തന്റെ സ്വപ്നലോകത്തിൽ നിന്നുണർന്നത്. താഴെ വീണ് കിടക്കുന്ന തടിയനെ കണ്ണൻ ആഞ്ഞാഞ്ഞ് ചവിട്ടുകയാണ്.
കാത്തു കണ്ണനെ ബലമായി പിടിച്ചു:മതി.. മതി കണ്ണാ... ഇവൻ ചത്തുപോകും...
അപ്പോഴേക്കും ഡ്രൈവർ ബസ് ചവിട്ടി നിർത്തിയിരുന്നു.കണ്ടക്ടർ അവരുടെ അടുത്തേക്ക് വന്നു: ബസിൽ കിടന്ന് തല്ലാനും കൊല്ലാനുമൊന്നും പറ്റില്ല.അയാൾ തടിയനെ പിടിച്ചെഴുന്നേല്‌പിച്ചിട്ട് തുടർന്നു: നിങ്ങൾ ദയവായി ഇവിടെ ഇറങ്ങണം. ഇല്ലെങ്കിൽ വണ്ടി പോലീസ് സ്റ്റേഷനിലേക്ക് പോകും.
കാര്യം പന്തിയല്ലെന്ന് തോന്നിയ തടിയൻ അവിടെ ഇറങ്ങി.
പുറത്ത് നിന്നു കൊണ്ട് കണ്ണന് നേരെ കൈ ചൂണ്ടി അയാൾ അലറി: നീ ചെവിയിൽ നുള്ളിക്കോടാ... ഞാൻ മറക്കില്ല ഈ ദിവസം...
നീ മറക്കരുത്... ഇനി പെൺകുട്ടികളെ പിടിക്കാൻ കൈ തരിക്കുമ്പോൾ നീ ഓർക്കണം ഈ ദിവസം.. കണ്ണനും വിട്ടു കൊടുത്തില്ല.
കത്തുന്ന കണ്ണുകളുമായി തടിയൻ അവനെ നോക്കി നിൽക്കേ ബസ് മുന്നോട്ട് നീങ്ങി.
കാത്തൂ വാ... ഇനി ഇവിടെ ഇങ്ങനെ നില്ക്കണ്ട...
അവൻ കാത്തുവിനെയും കൊണ്ട് , നേരത്തെ കാത്തു പരാതി പറഞ്ഞപ്പോൾ " തട്ടാതെയും മുട്ടാതെയും പോകണമെങ്കിൽ ഓട്ടോ പിടിച്ചു പോകണം" എന്ന കമന്റ് പാസാക്കിയ സ്ത്രീയുടെ അടുത്തേക്ക് ചെന്നു.
അവൻ അവരോട് പറഞ്ഞു: എഴുന്നേൽക്ക്...!
യെന്തിന്...? അവർ ചിറി കോട്ടി. ഞാൻ ടിക്കറ്റെടുത്തിട്ടാണ്.........
എഴുന്നേല്ക്കാനാണ് പറഞ്ഞത്....!! കണ്ണൻ ഒറ്റ അലർച്ചയായിരുന്നു.
അവർ പേടിച്ച് ചാടിയെണീറ്റു പോയി. നേരത്തെ ആ തടിയൻ ചവിട്ട് കൊണ്ട് പതം വന്നത് അവർ കണ്ടതാണല്ലോ.
കാത്തുവിനെ ആ സീറ്റിലേക്കിരുത്തിയിട്ട് ആ സ്ത്രീയോടായി കണ്ണൻ പറഞ്ഞു: നിങ്ങൾ തട്ടിയും മുട്ടിയുമൊക്കെ പൊയ്ക്കോ.... അതിന് താത്പര്യമില്ലാത്തവർ സീറ്റിലിരുന്നു പൊയ്ക്കോട്ടേ....
ആ സ്ത്രീ എന്തോ പിറുപിറുത്തു കൊണ്ട് തല വെട്ടിച്ചു.
കാത്തു അത്ഭുതത്തോടെ നോക്കിക്കാണു കയായിരുന്നു കണ്ണന്റെ ഈ മാറ്റം. ശാന്തനും സൗമ്യനും മിതഭാഷിയുമായ അവൻ ദേഷ്യത്തോടെ അലറുന്നു. തന്നേക്കാൾ ആരോഗ്യമുള്ള ഒരുത്തനെ തല്ലുന്നു. വെല്ലുവിളിക്കുന്നു...എന്താണിവന് പറ്റിയത്. ചിലപ്പോൾ താൻ അപമാനിക്കപ്പെട്ടതാകാം ഇവനെ ഇത്ര രോക്ഷാകുലനാക്കുന്നത്.അപ്പോൾ തന്നോട് ഇവന് സ്നേഹമുണ്ട്. ഇത്തിരിയല്ല ഒത്തിരിയൊത്തിരി... അവൾ അവന്റെ മുഖത്തേക്ക് പ്രണയാർദ്രതയോടെ നിർന്നിമേഷം നോക്കിയിരുന്നു. കണ്ണുകളിടയുമ്പോൾ ഒന്നു പുഞ്ചിരിക്കുകയല്ലാതെ മറ്റൊന്നും അവർ സംസാരിച്ചില്ല.
ബസ് നഗരത്തിലെത്തി.
കൈകൾ കോർത്ത് അവർ നഗരത്തിലേക്കിറങ്ങി.▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
കടപ്പുറത്തെ മണൽപ്പരപ്പിൽ കടൽക്കാറ്റിന്റെ സ്നേഹാലിംഗനത്തിൽ മതിമറന്നിരിക്കവേ കാത്തു ചോദിച്ചു: എന്താ കണ്ണാ നീ ഇന്ന് അമ്പലത്തിൽ വരാത്തത്? ഞാൻ ഏഴ് മണി മുതൽ അവിടെ നിന്നെയും കാത്ത് നില്ക്കുകയായിരുന്നു. വന്നില്ലെങ്കിൽ നീ എന്നെ ഇനി കാണില്ല എന്ന് വരെ ഞാൻ പറഞ്ഞതല്ലേ..... പക്ഷേ നീ വന്നില്ല...ഞാൻ മരിച്ചാൽ നിനക്കെന്താ അല്ലേ..?അത്രക്കും നിസാരമായ സ്ഥാനമേ ഒരു പക്ഷേ എനിക്ക് നിന്റെയുള്ളിൽ ഉണ്ടാവൂ.
അവൾ മനസിലുള്ളതൊക്കെ പറയട്ടെ തടസപ്പെടുത്തണ്ട എന്ന് വിചാരിച്ച് കണ്ണൻ നിശബ്ദനായിരുന്നു.
കാത്തു തുടർന്നു: അവസാനമായി, നിന്റെ തീരുമാനത്തിൽ വല്ല മാറ്റവുമുണ്ടോ എന്നറിയാനാണ് ഞാൻ ഇന്ന് നിന്നെ കാണണമെന്ന് പറഞ്ഞത്. നിനക്ക് എന്നെക്കാൾ വലുതാണല്ലോ എന്റെ അച്ഛനോടുളള നന്ദിയും കടപ്പാടും ! അവസാനമായിട്ട് ഒന്ന് കാലു പിടിച്ച് കെഞ്ചി നോക്കാമെന്ന് കരുതി. പക്ഷേ നീ വന്നില്ല..
ഞാൻ വന്നു കാത്തൂ.. പക്ഷേ ലേറ്റായിപ്പോയി. ഞാൻ അവിടെ വന്നപ്പോൾ നീ ബസിലേക്ക് കയറുന്നത് കണ്ടു.അപ്പോൾ ഞാനും ഓടി ബസിന്റെ പിറകിൽ കയറി. അതാ സംഭവിച്ചത്...
നീ മനപൂർവം താമസിച്ച് വന്നതാണ്..അല്ലെങ്കിൽ രണ്ട് മണിക്കൂർ ഒക്കെ താമസിക്കുമോ? ഞാൻ കാത്തിരുന്ന് മടുത്ത് തിരിച്ച് പൊക്കോട്ടേ എന്ന് നീ വിചാരിച്ചു.
കണ്ണൻ അതിന് മറുപടി പറഞ്ഞില്ല.
ഞാൻ ഇന്നലെതന്നെ ഒരു തീരുമാനമെടുത്തിരുന്നു. നീ ഇന്നും 'നോ' പറയുകയാണെങ്കിൽ ഈ നശിച്ച ലോകത്ത് നിന്നും എന്നെന്നേക്കുമായി..... നീ വരാഞ്ഞപ്പോൾ അത് നീ പറഞ്ഞ 'നോ'യാണെന്ന് എനിക്ക് മനസിലായി. മരിക്കണമെന്നുറച്ച് അതിന് പറ്റിയ ഒരു ഇടം തേടിയാണ് ഞാൻ തിരികെ വണ്ടി കയറിയത്. പക്ഷേ ബസിൽ വച്ചുണ്ടായ പ്രശ്നത്തിനിടക്ക് ഒരു ദൈവദൂതനെ പോലെ കടന്നുവന്നു. അവിടെ വച്ച് എല്ലാവരും കേൾക്കെ നീ വിളിച്ചു പറഞ്ഞു" ഇവളെന്റെ പെണ്ണാണ്....." ആ നിമിഷം അതെന്റെ പുനർജന്മമായിരുന്നു.
കാത്തു അവന്റെ കൈ കവർന്നു: നീയത് വെറുതെ പറഞ്ഞതല്ലല്ലോ അല്ലേ.....? അവൾ പ്രതീക്ഷയോടെ അവന്റെ മുഖത്തേക്ക് നോക്കി.
നിന്നെ പണ്ടേ എനിക്കിഷ്ടമായിരുന്നു കാത്തു. എന്നെ പോലുള്ള ഒരു ദരിദ്രന് നിന്നെപ്പോലെ ഒരാളെ മോഹിക്കാനുള്ള അർഹതയില്ലെന്ന് തോന്നി. ബസിൽ വച്ച് നിസഹായയായി കരഞ്ഞ് തളർന്ന് നില്ക്കുന്ന നിന്നെ കണ്ടപ്പോൾ.... സഹിക്കാൻ പറ്റിയില്ല ,എന്റെ മനസിനുള്ളിലെ കാമുകന് . എന്നിലെ പ്രണയം നിന്നോടുള്ള കരുതലായി മാറിയപ്പോൾ എന്റെ മനസിലെ തടയണകൾ തകരുകയായിരുന്നു.... നിന്നോടുള്ള , ഒളിച്ചു വച്ച എന്റെ പ്രണയം അപ്പോൾ ശക്തമായി പുറത്തേക്കൊഴുകുകയായിരുന്നു. ഇനിയും ഈ ഒളിച്ചു കളി വയ്യ. മരണത്തിനെന്നല്ല ആർക്കും നിന്നെ ഞാൻ ഇനി വിട്ടു കൊടുക്കില്ല...
നിസീമമായ കൃതജ്ഞതയോടെ, അപരിമിതമായ ആനന്ദത്തോടെ കാത്തു അവനെ ഇറുകെ പുണർന്നു.▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
ആകാശം കീഴടക്കിയ ആഹ്ലാദത്തോടെയാണ് കാത്തു വീട്ടിലേക്ക് മടങ്ങിയെത്തിയത്.
ഗേറ്റ് തുറന്ന് വിശാലമായ മുറ്റത്തേക്ക് കാലെടുത്ത് വച്ചതും, ഉമ്മറത്തെ ചാരു കസേരയിൽ അച്ഛൻ പത്രവും വായിച്ചിരിക്കുന്നത് അവൾ കണ്ടു.
അച്ഛനെന്താ ഇന്ന് നേരത്തെ... അവൾ അത്ഭുതം കൂറി.
അച്ഛനോട് വലിയ സ്നേഹവും ബഹുമാനവുമാണ് അവൾക്ക് . മകൾക്ക് എന്താവശ്യമുണ്ടെങ്കിലും ഉടനടി സാധിച്ചു കൊടുക്കുന്ന സ്നേഹ നിധിയായ പിതാവായിരുന്നു മാധവൻ കുട്ടി. പക്ഷേ ദേഷ്യം വന്നാൽ അയാളെ പിടിച്ചാൽ കിട്ടില്ല. തെറ്റ് കണ്ടാൽ മുന്നും പിന്നും നോക്കാതെ ശകാരിക്കും. ചിലപ്പോൾ തല്ലുകയും ചെയ്യും. അതുകൊണ്ട് അച്ഛന്റെ മുഖത്ത് ദേഷ്യം തെളിഞ്ഞു കഴിഞ്ഞാൽ അവൾ പേടിച്ചു വിറക്കും.
അച്ഛനിന്ന് കടയിൽ പോയില്ലേ....? ചെരുപ്പൂരിയിട്ട് ഉമ്മറത്തേക്ക് കയറുന്നതിനിടയിൽ അവൾ ചോദിച്ചു.
ഇന്ന് കട നേരത്തെ അടച്ചു.. മാധവൻ കുട്ടി ഗൗരവത്തിൽ പറഞ്ഞു.
അവൾ അകത്തേക്ക് കയറാൻ തുടങ്ങുമ്പോൾ മാധവൻ കുട്ടി പത്രം മടക്കി വച്ച ശേഷം പറഞ്ഞു: കാത്തു ഒന്ന് നിന്നേ... ചോദിക്കട്ടെ...
എന്താ അച്ഛാ...? അവൾ ആകാംഷയോടെ മാധവൻ കുട്ടിയുടെ മുഖത്തേക്ക് നോക്കി.
പരീക്ഷയൊക്കെ ഇന്നലെ തീർന്നതാണല്ലോ...പിന്നെന്തിനാ ഇന്ന് കോളേജിൽ പോയത്...?
അത്...അത്... അനഘയെ കാണാനാണച്ഛാ...
എന്തിന്...?
ഡിഗ്രിക്ക് അവൾ അവളുടെ അമ്മയുടെ നാട്ടിലുള്ള കോളേജിലാ ചേരാൻ പോകുന്നത്..... ഇനി ചിലപ്പോൾ അവളെ... അതുകൊണ്ട് ഒന്ന് കണ്ട് യാത്ര പറയാൻ പോയതാ... കാത്തു ഒരു കള്ളം പറഞ്ഞു.
അങ്ങനെ അല്ലല്ലോ ഞാൻ കേട്ടത്... മാധവൻ കുട്ടി അവളുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി.
അച്ഛനെന്താ കേട്ടത്....? അവൾ അറച്ചറച്ച് ചോദിച്ചു.
നീയിന്ന് ബീച്ചിൽ പോയിരുന്നോ...?
ആ ചോദ്യം കേട്ടവൾ കിടുങ്ങിപ്പോയി. ദൈവമേ.. താനും കണ്ണനും കൂടി ബീച്ചിൽ പോയ കാര്യം അച്ഛനറിഞ്ഞോ...?!!!
കാൽപ്പാദത്തിൽ നിന്നൊരു വിറയൽ മുകളിലേക്ക് കയറുന്നത് അവളറിഞ്ഞു.
(തുടരും....)