ഒരു പ്രണയ കഥ
Part 1
St.ആൽബർട്സ് കോളേജിൻ്റെ Annual Day.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കുന്ന പരിപാടി. അതിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പ്രെശസ്ത ചാനലിലെ അറിയപ്പെടുന്ന ഫോട്ടോ ഗ്രാഫർ അഭിലാഷ് GK.അവിവാഹിതൻ.മീഡിയകളിൽ GK ആയും സുഹൃത്തുക്കൾക്ക് അഭിയുമായിരുന്നു.വയസ്സ് 32 ആണെങ്കിലും ഇപ്പോഴും ഒരു കോളേജ് പയ്യൻ ലുക്ക്.ഷോൾഡർ വരെ സ്വർണ്ണ നിറത്തിൽ മുടി നീണ്ടു കിടന്നു…അതിനു ചേരുന്ന മീശയും അതിനൊപ്പം ഭംഗിയാക്കിയ കുറ്റി താടിയും.പഠിക്കുന്ന കാലം മുതൽക്കേ ആരാധകർ ഏറെ ആയിരുന്നു.പക്ഷെ ഒരാൾക്കും അഭി പിടുത്തം കൊടുത്തില്ല.അന്ന് മുതലേ അഭിയ്ക്ക് ഒരാളോട് മാത്രം ആയിരുന്നു പ്രണയം…തൻ്റെ ക്യാമറ.
കിട്ടിയ സമയം താൻ പഠിച്ച കോളേജിൻ്റെ വരാന്തയിലൂടെ പഴയ ഓർമ്മകൾ ഓടിച്ചുകൊണ്ടു അഭി മെല്ലെ നടന്നു.പന്ത്രണ്ടു വർഷം മുൻപ് ഉണ്ടായിരുന്ന ക്ലാസ്സ് മുറികളിലൂടെ കണ്ണുകൾ ഓടിച്ചു. തൻ്റെ ക്യാമറ അതോരോന്നും ഒപ്പിയെടുത്തുകൊണ്ടിരുന്നു.നീണ്ടു നിവർന്നു കിടന്ന വരാന്തയിലൂടെ ക്യാമറ ഫോക്കസ് ചെയ്തു.ആ ഫോക്കസിനുള്ളിലേക്കു ദൂരെയായി തൂണുകൾക്കിടയിൽ നിന്നും ഒരാൾ മെല്ലെ വന്നു.ക്യാമറയിൽ നിന്നും മുഖമുയർത്തി അഭി ഒന്ന് നോക്കി.
ആശ്ചര്യത്തോടെ അഭിയുടെ ചുണ്ടുകൾ മെല്ലെ മന്ദ്രിച്ചു….വന്ദന.
ആ കോളേജിൽ തന്നെ ലക്ച്ചറർ ആയി ജോലി നോക്കുന്ന വന്ദന അപ്പോഴേക്കും അടുത്തെത്തി.കുട്ടികൾ പോലും കണ്ണ് വെയ്ക്കുന്ന സൗന്ദര്യം.
വർഷങ്ങൾക്ക് ശേഷം അഭിയെ കണ്ടതിൻ്റെ ഒരു ആകാംഷയും കണ്ണിലെ തിളക്കവും എടുത്തറിയുന്നുണ്ടായിരുന്നു. പിന്നെ കൂടെയുണ്ടായിരുന്ന കൂട്ടുകാരിക്ക് അഭിയെ പരിചയപ്പെടുത്തി.
ഇത് ആരെന്നറിയുവോ? പ്രിയയെ നോക്കി വന്ദന ചോദിച്ചു.
ഫ്ലെക്സിൽ കണ്ട പരിചയം വെച്ചാകണം പ്രിയ ഒരു സംശയത്തോടെ ..അഭിലാഷ്GK
അതെ എന്ന് ചിരിച്ചു കൊണ്ട് കണ്ണുകൾ അടച്ചു സമ്മതിച്ചു.
എന്നാൽ നിങ്ങൾ സംസാരിക്…ഞാൻ വരാം…പ്രിയ ദൂരേക്ക് നടന്നകന്നു.
Part 2
കോളേജിന് മുൻവശത്തെ കായലിനരികിലെ ഒരു കോഫി ഷോപ്പ് .കായൽ സൗന്ദര്യം നല്ല രീതിയിൽ ആസ്വദിക്കാൻ പറ്റുന്നൊരിടം.ഭംഗിയായി ഒരുക്കിയ പാതയ്ക്കരികിൽ നിവർത്തിയ ഒരു കുടക്കീഴിൽ മുഖത്തോടു മുഖമായി അഭിയും വന്ദനയും.കായലിൽ നിന്ന് കാറ്റ് മെല്ലെ വീശി മുഖത്തേയ്ക്കു വീണു കിടന്ന മുടിയിഴകൾ ഇളകി അവളുടെ മുഖത്തിന് ഭംഗി കൂട്ടി. ടേബിളിലെ കോഫിയിൽ നിന്നും ആവി ഉയർന്നലിഞ്ഞു.അപ്പോഴും നിശബ്ദമായ ചിരിയിൽ രണ്ടുപേരും പരസ്പരം നോക്കി തന്നെ ഇരുന്നു.അവരിൽ ഒരാൾ എന്തോ പറഞ്ഞതിൻ്റെ മറുപടി ആണോ ഈ നിശബ്ദ പുഞ്ചിരി. പെട്ടെന്ന് വന്ദന ചിരി അടക്കാൻ കഴിയാതെ വായ് പൊത്തി ചിരിച്ചു.കൂടെ അഭിയും മെല്ലെ ചിരിച്ചു.
എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല അഭീ... ചിരിക്കിടയിൽ വന്ദന പറഞ്ഞു.
പഠിക്കുന്ന സമയത്തു നിനക്ക് പ്രണയമോ…?
ആ പറച്ചിലിൽ അവൾക്കു അവനോടു ഒരു അസൂയ തോന്നിയോ? ഉണ്ടാവാം ഒരേ ക്‌ളാസിൽ ഒന്നിച്ചു പഠിക്കുന്ന സമയത്തു പല തവണ വന്ദന പ്രൊപ്പോസ് ചെയ്തിട്ടുണ്ട്…അപ്പോഴെല്ലാം ഒരു ഫ്രണ്ട് ആയി കൂടെ ചേർത്ത് നിർത്തിയതല്ലേ…കോളേജിലെ അവസാന ദിവസം വരെ അഭി കമ്മിറ്റഡ് ആയി കണ്ടിട്ടുമില്ല.അവൾക്കത് അവിശ്വസനീയം ആയിരുന്നു.മുഖത്തെ പുഞ്ചിരി മായാതെ തന്നെ അഭി വന്ദനയുടെ ചിരി ആസ്വദിച്ചു.
ഡി…മതി ചിരിച്ചത്..സത്യാട്ടും…പക്ഷെ എൻ്റെ ഉള്ളിലെ ഇഷ്ടം അവൾ ഒരിക്കലും അറിഞ്ഞിട്ട് പോലുമില്ല.
ചിരി മെല്ലെ നിർത്തി വന്ദന പറഞ്ഞു
നിന്നോട് ഇപ്പൊ ഒരു അസൂയ തോന്നുന്നുണ്ട്.എന്നാലും സാരല്ല…ആരായിരുന്നു ആ സ്വപ്ന സുന്ദരി.
കോപ്പയിൽ നിന്നും ഒരു സ്വിപ്പ് കുടിച്ചു ടേബിളിലേക്ക് വെയ്ക്കുമ്പോൾ അഭി തുടർന്ന്
ഇന്നലെ ഒരു ഡോകുമെൻ്റെറി ചെയ്യാൻ വേണ്ടിയാണ് പോയത്.എൻ്റെ കാമറയ്ക്കു മുന്നിലേക്ക് അവൾ വന്നപ്പോൾ തന്നെ, എനിക്ക് ആളെ മനസ്സിലായി.എന്നെ അത്ഭുതപെടുത്തിയത് മറ്റൊന്ന് ആയിരുന്നു.ഞാൻ അനുഭവിച്ച പ്രണയത്തിനു അവരുടെ അത്ര തീവ്രത എനിക്ക് അനുഭവപ്പെട്ടില്ല.എന്നോ ഒരിക്കൽ പറയാൻ ഭയന്ന പ്രണയം..ഇതിത്ര സുന്ദരമായിരുന്നോ?. അവരുടെ ഓരോ പ്രണയ നിമിഷങ്ങളും എൻ്റെ കാമറയിലേക്ക് ഞാൻ പകർത്തി.ഞങ്ങളുടെ മുന്നിൽ അവനെ ചേർത്ത് പിടിച്ചിരിക്കാൻ അവൾ ഒരു മടിയും കാണിച്ചില്ല.
വന്ദനയ്ക്ക് ആകാംഷയായി…
ആഹാ..ഡാ കള്ള കാമുകാ..ഇപ്പോ..ഈ കാമറയിൽ ഉണ്ടോ അവർ? എനിക്കൊന്നു കാണാൻ പറ്റുമോ?
അഭി കാമറയെടുത്തു ഫോട്ടോസ് സെർച്ച് ചെയ്തു വന്ദനയുടെ നേരെ നീട്ടി.
ഒരു ചിരിയോടെ വാങ്ങി അതിലേക്കു നോക്കിയാ അവളുടെ മുഖത്ത് ഉല്കണ്ഠ നിഴലിച്ചു
ഇതിൽ എവിടെയാ അവർ രണ്ടുപേരും? ആ കുട്ടി മാത്രല്ലേയുള്ളു
സുന്ദരി തന്നെ…പക്ഷെ…?
വന്ദന വീണ്ടും വീണ്ടും മാറ്റി നോക്കി.
ഇതെന്താ.. ഈ കുട്ടിയുടെ വ്യെത്യസ്ത പോസ് മാത്രം.?
അഭിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.
നീ ഇനി അതിൽ ഞാൻ പറയും പോലെ ഒന്ന് നോക്കിയേ…ഓരോ ഫോട്ടോയും ഒരാളൊടൊപ്പം ചേർന്ന രീതിയിൽ അല്ലെ?
വന്ദന ഒന്നുകൂടി ശ്രെദ്ധിച്ചു
ആ..അതെ…ആശ്ചര്യത്തോടെ വന്ദന പറഞ്ഞു.
ഞങ്ങൾ ആ ഡോകുമെൻ്റെറി ചെയ്യാൻ കാരണവും അത് തന്നെ ആയിരുന്നു.
വിവാഹം കഴിക്കാതെ തന്നെ വിധവ ആയി ജീവിക്കുന്ന ഒരു പെൺകുട്ടി.അവർ ഒന്നിച്ചു ജീവിക്കാൻ അവളുടെ വീട്ടുകാർ ഒരിക്കലും അനുവദിച്ചിരുന്നില്ല. എതിർത്തപ്പോഴും അവൾ പിന്മാറിയിരുന്നില്ല.അതിനു അവൾക്ക് നൽകേണ്ടി വന്നത് തൻ്റെ എല്ലാമെല്ലാമായ പ്രിയപ്പെട്ടവൻ്റെ ജീവൻ ആയിരുന്നു.സ്വന്തം വീട്ടുകാർ അവനെ കൊലപ്പെടുത്തിയ അന്ന് മുതൽ അവൾ അവൻ്റെ വീട്ടിൽ ആണ്.അവൾക്കു ഇപ്പോഴും അവൻ നഷ്ടമായെന്ന് വിശ്വസിക്കാൻ കഴിയാതെ ആ നടപ്പിലും…ഇരിപ്പിലും…നോട്ടത്തിലും…എന്തിനു ആ വാക്കുകളിൽ വരെ.
എൻ്റെ മനസിനെ പ്രണയിക്കാൻ പഠിപ്പിച്ച ഒരു പ്രണയ കഥ.
അഭി പറയുമ്പോൾ വന്ദന അഭിയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. മുഖത്ത് സങ്കടം നിഴലിച്ചിരുന്നു.പുറത്തു വെച്ചിരുന്ന കോളാമ്പിയിലൂടെ അനൗൺസായി അഭിയുടെ പേര് ഉയർന്നു.
Part 3
കോളേജ് ഓഡിറ്റോറിയത്തിലെ നിശബ്ദമായ സദസ്സ് .സ്റ്റേജിലെ പ്രമുഖർക്ക് നടുവിൽ അഭിയും വന്ദനയും.രണ്ടു വാക്ക് സംസാരിക്കാൻ വേണ്ടി അഭിയെ ക്ഷേണിച്ചു.മൈക്ക്പോഡിൽ കൈ വെച്ച് പ്രണയത്തെ കുറിച്ച് സംസാരിച്ചു തുടങ്ങിയ അഭി സദസ്സിനെ കയ്യിലെടുത്തു.
“ഇവിടെ കൂടിയിരിക്കുന്ന എത്രപേർക്ക് പ്രണയം ഉണ്ടെന്നു ഞാൻ ചോദിക്കുന്നില്ല.എത്ര പേർക്കില്ല എന്നതായിരിക്കും ഉത്തരം കിട്ടാൻ എളുപ്പം.എന്നാൽ അതും ഞാൻ ചോദിക്കുന്നില്ല. പ്രണയം എന്ന മൂന്നക്ഷരം നമ്മുടെ ജീവിതത്തിൽ തീർക്കുന്ന അത്ഭുതം ചെറുതല്ല.ഒരു മനുഷ്യ ജീവിതത്തിൽ മൂന്നക്ഷരങ്ങൾ തീർക്കുന്ന പ്രതിഭാസം എങ്ങനെയെന്ന് ആർക്കെങ്കിലും അറിയുമോ?
ഒരു കുഞ്ഞു അല്ല… പൈതൽ… എന്ന് പറയുമ്പോഴാണ് അതിനു വാത്സല്യം കൂടുക. ആ മൂന്നക്ഷരത്തിൽ കൂടി ജനനം എന്ന മൂന്നക്ഷരം വഴി പിറന്ന് വീണ് ശൈശവത്തിലൂടെ പിച്ച വെച്ച് ബാലനായി വളർന്നു, എന്തിലും കൗതുകം കണ്ട കൗമാരത്തിലൂടെ കടന്നു യൗവനത്തിൽ പ്രണയം നുകർന്ന രണ്ടു ശരീരങ്ങൾ വിവാഹത്തിലൂടെ ഒന്നായി ഗർഭം ധരിച്ചു വേദന അറിഞ്ഞു മക്കളെ പ്രസവിച്ചതിലൂടെ മാതാവും പിതാവും ആയി ജീവിത നൗകയിലൂടെ സന്തോഷവും സങ്കടവും ചേർന്നു സംഗീതമാകുന്ന കുടുംബം ആയി അതിലെ കുടുംബ നാഥനും നാഥയും ആയി മക്കൾക്ക് പഠനവും ഉദ്യോഗവും നൽകി വിവാഹം ചെയ്ത് അയക്കുമ്പോൾ ജീവിത വഴിയിൽ ഒരു വൃദ്ധൻ ആയിട്ടുണ്ടാവാം നമ്മൾ.ഇപ്പോൾ തന്നെ എത്ര മൂന്നക്ഷരം ചേർന്ന വാക്കുകൾ വന്നു എന്ന് നിങ്ങൾ ശ്രെദ്ധിച്ചോ?തീരുന്നില്ല മൂന്നക്ഷരത്തിൻ്റെ പ്രാധാന്യം. പിന്നെ അങ്ങോട്ട് നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങുന്ന ജീവിത സായാഹ്നം അവിടെ സുഹൃത്ത് പോലെ കൂട്ടായി അസുഖമെന്ന ചങ്ങാതിയും.ഒരിക്കൽ സഹിക്ക വയ്യാതെ ഇനി സ്വർഗ്ഗമാണോ നരകമാണോ? എന്തായാലും അറിയില്ല, പക്ഷെ നമ്മൾ ആഗ്രഹിക്കും, മരണം എന്ന അവസാന ആശ്രയം…”
വാക്കുകൾ അവസാനിപ്പിച്ചു അഭി തിരിയുമ്പോൾ സദസ്സിൽ നിലയ്ക്കാത്ത കൈയടികൾ.
Part 4
കോളേജിൻ്റെ കല്പടവുകളിൽ നിന്നും നേരെ ഗേറ്റിലേക്ക് നീണ്ടുകിടക്കുന്ന റോഡ്…ഇരുവശവും പൈൻ മരങ്ങൾ ഉയർന്നു നിൽക്കുന്ന ആ റോഡിലൂടെ അഭിയും വന്ദനയും പുറത്തേക്കിറങ്ങി.
ഇത്രയും മനോഹരമായി നീ സംസാരിച്ചു ഞാൻ കണ്ടിട്ടേയില്ല …too good അഭി.
അത് വെറും ഒരു കോംപ്ലിമെൻറെആയിരുന്നില്ല…ഉള്ളിൽ തട്ടി വന്ന വാക്കുകൾ ആയിരുന്നു.
Thank you..വന്ദന…അല്ല..നിൻ്റെ ഫാമിലിയെ കുറിച്ചൊന്നും പറഞ്ഞില്ലല്ലോ?
എൻ്റെ ജീവിതത്തിൽ മനസ്സിൽ കൊണ്ട് നടന്നത് ഒരാളെ മാത്രം ആയിരുന്നു.അത് എനിക്ക് ലഭിച്ചതും ഇല്ല…പിന്നെ വേണ്ട എന്ന് വെച്ച്…
വന്ദന അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
രണ്ടുപേരും നിശബ്ദമായി നടന്നു. ഇടയ്ക്ക് പരസ്പരം നോക്കി…എന്തൊക്കെയോ പറയണം എന്ന് തോന്നിയെങ്കിലും ഒന്നും പറഞ്ഞില്ല.
വഴിയുടെ മധ്യത്തിൽ എത്തിയപ്പോഴേക്കും വന്ദന കാറിനടുത്തേക്ക് പോകാൻ തയാറായി.
ഞാൻ പൊയ്ക്കോട്ടേ…കാണാം…ഒരു വശ്യമായ ചിരിയിൽ അഭിയെ നോക്കി മറുപടിയ്ക്കായി നിന്നു.
വേണം എന്നോ വേണ്ട എന്നോ അഭി പറഞ്ഞില്ല.ഒന്നും മിണ്ടാതെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി…
ഇയാളുടെ മനസ്സിപ്പോ പ്രണയം പഠിച്ചു തുടങ്ങി എന്നല്ലേ പറഞ്ഞത്…അതുകൊണ്ടു മനസ്സിനോട് ഒന്ന് ചോദിക്ക്…എനിക്കിനി ഒരവസരം ഉണ്ടോ എന്ന്…
കണ്ണിലെ പ്രണയം തുറന്നു കാണിച്ചു വന്ദന വണ്ടിയിലേക്ക് നടന്നു നീങ്ങുന്നത് ഒരു ആവേശത്തോടെ അഭി നോക്കി നിന്നു….
മനസ്സിൽ ഒരു കടൽ അലയടിക്കുന്നത് അവൻ അറിഞ്ഞു.
The End