കുറച്ച് നേരം കാത്തു ഞാൻ..
ആദ്യത്തെ കോൾ..
അതെ. ആദ്യത്തെ ശരം. സ്വാഭാവികമായും അടിച്ചു തിമിർപ്പിനിടയിൽ അത് അവൻ കട്ട് ചെയ്തു.
ബിയർ ഞാൻ പതിയെ ആസ്വദിച്ച് നുണഞ്ഞു ഇറക്കി..
ഒടുവിൽ..
ചറ പറ മിസ്ഡ് കോളുകൾ ഒന്നിനു പുറകെ ഒന്നായി അവൻ്റെ ഫോണിൽ മുഴങ്ങി.
ക്രൂരമായ ഒരു ചിരി എൻ്റെ ചുണ്ടിൻ്റെ കോണിൽ വിരിഞ്ഞ് നിന്നു.
"ഡീ, ഒരു മിനിറ്റ്"
എന്ന് പറഞ്ഞ് കുറച്ച് മാറി പോയവനെ ഞാൻ പിന്നെ കടാക്ഷിച്ചില്ല.
Let him enjoy his moment.
അവൻ ഫോൺ എടുക്കുന്നതും ചെവി മറച്ച് പിടിച്ച് കേട്ട വാർത്തയിൽ ഞെട്ടി നടുങ്ങുന്നതും ഞാൻ കൺ കോണിലൂടെ കണ്ടു.
പിന്നീട് വന്ന ഒരു കോളുകളും ഗൗനിക്കാതെ അവൻ തിടുക്കപ്പെട്ട് ഫോണിൽ പരതുന്നത് കണ്ടു.
വാട്ട്സ് ആപ്പിനാവാവും..
ആരും കാണല്ലേന്ന്, പ്രത്യേകിച്ച് ഞാൻ കാണല്ലേ എന്ന പേടിയിൽ അവൻ തുടരെ തുടരെ ഞാൻ നിൽക്കുന്ന ദിശയിലേക്ക് നോക്കുന്നുണ്ടായി.
ബിയറിന് അന്ന് ആദ്യമായി കയ്പ്പ് മാറി മധുരം മാത്രം തോന്നിയതിൽ അപ്പോള് ഞാൻ അൽഭുദം കൊള്ളുകയായിരുന്നു.
തിടുക്കത്തിൽ പരതി കൊണ്ടിരുന്നവൻ പെട്ടെന്ന് നിശ്ചലനായി..
രണ്ട് ഫാമിലി ഗ്രൂപുകളിലായി, ആരോ ഇട്ട ബോംബ് എന്ന് കരുതിയിടത്ത്, എൻ്റെ ഫോട്ടോയും പേരും വെച്ച ഐഡി കാണുമ്പോ ഇതല്ല ഇതിന് അപ്പുറവും നടക്കും..
ഇപ്പൊ ഒരു വിറവലോടെ എന്നെ നോക്കുന്നുണ്ട്..
ഞാൻ അവനെ നോക്കി.. നേർക്കുനേർ.
മുഖത്ത് തെളിഞ്ഞു നിന്ന ചിരി ഞാൻ നിലനിർത്തി.. പക്ഷേ.. ഇപ്പോള് മാത്രം ആണ് അതിൻ്റെ പിന്നിലെ കൂരമ്പിൻ്റെ മുന അവന് വെളിവായത്..
തീർന്നിട്ടില്ല..
അവന് നേർക്ക് ഒരു പുച്ചച്ചിരി ചിരിച്ച് ഫോൺ സ്ക്രീൻ നീട്ടികാണിച്ച് ഞാൻ അടുത്ത ബട്ടണും ഞെക്കി..
ഇനി എന്തെന്ന് മനസ്സിലാക്കാൻ ആവാതെ അവൻ്റെ ചെന്നിയിലൂടെ വിയർപ്പ് ഒഴുകി..
അവിടെ നിന്ന് തിരിച്ച് ഒറ്റക്ക് ഇറങ്ങി നടക്കുമ്പോൾ, പുറകിൽ.. പാർട്ടിയിൽ ഓരോരുത്തരായി അവരവരുടെ ഫോണുകൾ നോക്കി തുടങ്ങിയിരുന്നു..
.....
പിന്നീടുള്ള ദിവസങ്ങൾ അത്രയും.. ഞാൻ അഗസ്ത്യവീരപ്രതാപൻ്റെ പുറകേ ആയിരുന്നു.
അദ്ദേഹം ജനിച്ച കുടുംബം, വളർന്ന രാജരീതികൾ, യുവരാജാവായിരിക്കെ തന്നെ ഒരു ചെറുരാജ്യമായിരുന്ന മൃഗസ്ഥലിയെ കടലും അതിർത്തികളും കടത്തി ഒരു വലിയ രാജ സാമ്രാജ്യം ആക്കി പടുത്തുയർത്തിയത്.. അങ്ങനെ അങ്ങനെ തേടി കിട്ടാവുന്നതായിട്ടുള്ള എല്ലാം.
അഗസ്ത്യവീരൻ്റെ രാജസദസ്സിലെ പ്രധാനിയായിരുന്നു വീരഭദ്രകടമ്പൻ. രാജ്യത്തിൻ്റെ പൂർണമായ ആഭ്യന്തര കാര്യങ്ങളുടെ മേൽനോട്ടം വഹിച്ചിരുന്നയാൾ. ഒരർത്ഥത്തിൽ രാജരഹസ്യങ്ങൾ സൂക്ഷിച്ച് പോന്നിരുന്ന രാജാവിൻ്റെ ഏറ്റവും അടുത്ത കാര്യാന്വേഷകരിൽ ഒരാൾ.
എത്രയൊക്കെ പരതിയിട്ടും രാജാവിൻ്റെ പൂർണമായ ഒരു രൂപം പറഞ്ഞു തരുന്ന രേഖകൾ ഒന്നും trusted ആയിട്ടുള്ള സൈറ്റുകളിലോ പുസ്തകങ്ങളിലോ കണ്ടെത്താനായില്ല.
ഒരു നിമിഷം ഇത് എടുത്തത് അബദ്ധം ആയിപോയോ എന്ന് വരെ തോന്നിപോയി.
ആളുടെ ജീവിതശൈലിയും രാജവൃന്ദങ്ങളും വ്യക്തമായിരുന്നു എങ്കിലും അദ്ദേഹത്തിൻ്റെ വ്യക്തിജീവിതത്തെകുറിച്ചും സ്വഭാവത്തേക്കുറിച്ചും കൃത്യമായി വിവരിക്കുന്ന ഗ്രന്ഥങ്ങളും രേഖകളും ഇല്ല എന്ന് തന്നെ പറയാം..
ഒരു അർഥത്തിൽ, അദ്ദേഹം ഇച്ഛിച്ചത് മാത്രമേ ലോകം അറിഞ്ഞിട്ടുള്ളൂ എന്ന് തോന്നും..
എത്ര കണ്ടെത്താൻ ശ്രമിച്ചിട്ടും പുകമറ പോലെ എന്തോ ഒന്ന് ആ കാലഘട്ടത്തിനുമേൽ പാട കെട്ടിയിരിക്കുമ്പോലെ.. കാഴ്ച മറക്കുമ്പോലെ..
......
രണ്ട് പേരെയും കുറച്ച് ദിവസത്തേക്ക് കോളജിൽ കണ്ടില്ല. അന്വേഷിക്കാനും പോയില്ല.
ഒരു അഞ്ച് ദിവസത്തിനുശേഷം ലൈബ്രറിയിൽ നിന്ന് ഇറങ്ങി വീട്ടിൽ കയറുമ്പോൾ, പതിവില്ലാതെ പുറത്ത് ചെരിപ്പുകൾ കണ്ടത് പ്രതീക്ഷിച്ചത് ആണെങ്കിലും ഉള്ളിൽ എന്തോ വീർപ്പ് മുട്ടൽ.
ഇഷാൻ എങ്ങിനെയോ ആകട്ടെ, സ്മിതാൻ്റിയും ജോൺ അങ്കിളും എന്നെ സ്വന്തം മകളെ പോലെ തന്നെയാണ് കണ്ടിട്ടുള്ളത്.
ചെരുപ്പ് അഴിച്ച് ഹാളിൽ കയറുമ്പോൾ എല്ലാവരുടെയും കണ്ണുകൾ എൻ്റെ മേൽ ആയിരുന്നത് അലോസരം ഉളവാക്കി.
എന്നെ കണ്ടതും ആൻ്റി ഓടിവന്ന് എൻ്റെ കൈ രണ്ടും കൂട്ടി പിടിച്ചു..
"മോളെ.."
ഞാൻ ആൻറിയെ അവിടെ സോഫയിൽ പിടിച്ചിരുത്തി.
"ആൻ്റി വിഷമിക്കണ്ട. ഇത് ഇങ്ങനെ തീർന്നു എന്ന് കരുതിയാ മതി. ഇപ്പോഴെങ്കിലും അറിഞ്ഞതിൽ സമാധാനിക്കുന്നുണ്ട് ഞാൻ"
"മോളെ.. ഈ ഒരു വട്ടം ഒന്ന് ക്ഷമിച്ചൂടെ.. ഞങ്ങളെ ഓർത്തെങ്കിലും.. ഞങ്ങടെ മോൾ ആയിട്ടെങ്കിലും വന്നൂടെ നിനക്ക്?"
തൃപ്തിയായി..
കൂട്ടിപ്പിടിച്ച കൈകൾ ഞാൻ അയച്ചു. എല്ലാവർക്കും അവരവരുടെ കാര്യം.
മകന് വേണ്ടി ക്ഷമ ചോദിച്ച് വന്നിരിക്കുന്നു, ആ മകൻ എവിടെ എന്നിട്ട്?
"ആൻ്റി.. കാര്യം പരസ്പരം ഇഷ്ടം പറഞ്ഞു സ്നേഹിച്ചവരാ.. പക്ഷേ.. പത്താം ക്ലാസ് മുതൽ കൂടെ പഠിച്ച കൂട്ടുകാരിയെ, ഞങ്ങളുടെ പ്രണയത്തിന് സാക്ഷി ആയവളെ, എൻ്റെ കണ്ണ് വെട്ടിച്ച് സ്നേഹിച്ചും, കാമിച്ചും.."
ഞാൻ ഒരു നെടുവീർപ്പ് ഇട്ട് നിർത്തി.
"ഞാൻ ക്ഷമിച്ചേനെ, മനുഷ്യ സഹജമാണ് പ്രണയം മറ്റൊരാളോട് തോന്നുക എന്നതൊക്കെ. പക്ഷേ.. ഒരു നാല് വർഷമായി അവർ എന്നെ പറ്റിച്ച് കൊണ്ടിരിക്കുവാർന്നു.. എൻ്റെ കൂടെ നടന്ന്, ഞാൻ ഇല്ലാത്ത സമയത്തൊക്കെ, ഇല്ലാത്ത സ്ഥലങ്ങളിൽ ഒക്കെ.. അവളുമായി ബന്ധപ്പെട്ട്.. എന്നെ ഒരു പൊട്ടി ആക്കുവായിരുന്നില്ലേ.. ഒന്നോ രണ്ടോ വട്ടം ആയിരുന്നെങ്കിൽ.. ഒരു തെറ്റ് പറ്റിപ്പോയി എന്ന് എങ്കിലും കരുതാമായിരുന്നു.. ഇതിപ്പോ.."
പെട്ടെന്ന് വന്ന വേദനയിൽ ഞാൻ ഒന്ന് കണ്ണ് അടച്ച് ശ്വാസം എടുത്തു.. 6 വർഷങ്ങൾ.. ജീവിതത്തിലെ ആറു വർഷങ്ങൾ ആണ് ഇത് മാത്രം സ്വപ്നം കണ്ട് ജീവിച്ച് തീർത്തത്..
കഷ്ടപ്പെട്ട് പുറകേ നടന്ന് ഇഷ്ടവും പ്രണയവും പിടിച്ച് വാങ്ങിയിട്ട്, അവസാനം നോക്കുകുത്തിയെ പോലെ നിർത്തി അത്രയേറെ വിശ്വസിച്ചിരുന്ന ഒരാളുടെ ഒപ്പം.. ച്ഛേ..
രണ്ട് പേരും അവർ ഒറ്റക്കാവുന്ന നേരം എന്നെ കുറിച്ച് എന്തൊക്കെ ആകും പറഞ്ഞിട്ടുണ്ടാവുക??!!
എന്നെ പറ്റിക്കാൻ എത്ര എളുപ്പം ആണെന്നോ! അതോ അവനെയും എന്നെയും ചേർത്ത് കളിയാക്കുമ്പോ ഒക്കെ എൻ്റെ മുഖത്ത് പൂത്ത് വിരിഞ്ഞിരുന്ന നാണം ഓർത്ത് ഓർത്ത് ചിരിച്ചിട്ടുണ്ടാവുമോ!!?
തൊലി ഉരിയുമ്പോലെ..
"മോളെ.. അവർ ആമ്പിള്ളേരല്ലേ.. ഇങ്ങനെ ചെറിയ ചില ചാഞ്ചാട്ടം ഇടക്ക് ഉണ്ടാകുന്നത് കാര്യം ആക്കണോ"
ഞാൻ ഞെട്ടി ആൻ്റിയെ നോക്കി.. പെണ്ണ് തന്നെ ആണോ ഇവർ!
രക്ഷപെട്ടു! എന്നാണ് തോന്നിയത്. പയ്യൻ മാത്രം അല്ല, കുടുംബവും കണക്കന്നെ.
കയ്യിൽ ഇരുന്ന ഫോണിൽ ഞാൻ വിരൽ അമർത്തി. എല്ലാം എല്ലാവരും കേട്ടും കണ്ടും കഴിഞ്ഞിട്ടുണ്ടാവണം, എങ്കിലും ഇവിടെ എനിക്ക് മുന്നിൽ നിന്ന് കേൾക്കണം, കേൾപ്പിക്കണം.
സ്ക്രീൻ ഞാൻ അവർക്ക് നേരെ തിരിച്ചു..
ഷർട്ട് ഇല്ലാതെ കട്ടിലിൽ എഴുന്നേറ്റ് തലയിണയിൽ ചാരി ഇരിക്കുന്ന
ഇഷാൻ. അവൻ്റെ തോളിൽ തല ചായ്ച്ച്, പുതപ്പ് മൂടി പുതച്ചു തളർന്ന് കിടക്കുന്ന നിഷി..
ആ തളർച്ച എന്തിൻ്റെ എന്ന് ആർക്കും ഒറ്റ നോട്ടത്തിൽ മനസ്സിലാവും.
"മോളെ... ക്ഷീണിച്ചോടാ?"
അത് കേട്ടപ്പോ വീണ്ടും എൻ്റെ നെഞ്ചില് ഒരു കൊളുത്ത് വലി പോലെ..
ഒന്ന് മൂളി കൊണ്ട് കുറുകി അവൻ്റെ നെഞ്ചിലേക്ക് ഒന്ന് കൂടെ ചേർന്ന് ചൂട് പറ്റുന്ന നിഷി.
"എടാ.. അവളെ വേണോ നിനക്ക്? നമുക്ക് ഇങ്ങനെ ജീവിച്ചൂടെ.. പ്ലീസ് ഡാ.. പറ്റുന്നില്ല എനിക്ക്"
നിഷിയുടെ നെറ്റിയിൽ ഒരു ചുംബനം അർപ്പിച്ച് ഇഷാൻ അവളെ ഒന്നുകൂടെ ചേർത്ത് ഇരുത്തി.
"നിനക്ക് അറിയാലോ.. അവൾക്ക് മുന്നേ നിന്നെ കണ്ടിരുന്നു, ശ്രദ്ധിച്ചിരുന്നു എങ്കിൽ നമുക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുമായിരുന്നില്ലെടാ.. സോറി.. അവളെ ഉടനെ പെട്ടെന്ന് ഒഴിവാക്കാനും പറ്റില്ല.. കുടുംബക്കാരുടേം വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നിൽ ഒരു ചീത്തപേരാവും. എല്ലാവർക്കും അറിയുന്ന കാര്യം ആയി പോയില്ലേ..
നീ ഒന്ന് ക്ഷമിക്കെട.. കല്യാണം ഉടനെ കഴിഞ്ഞാൽ ഒരു വഴി ഉണ്ട് എൻ്റെ മുന്നിൽ.. അവളായിട്ട് തന്നെ ഒഴിഞ്ഞ് പോവും.. അതിനു എന്ത് വേണം എന്ന് എനിക്ക് അറിയാം"
നിഷിയുടെ തലമുടിയിൽ തഴുകി ആലോചനയോടെ അവൻ പറഞ്ഞു..
ഞാൻ എല്ലാവരുടെയും മുഖത്ത് ഒന്ന് നോക്കി.. എനിക്ക് മുന്നിൽ ഇരുന്ന് ഇത് കേൾക്കുമ്പോ ആൻറിയും അങ്കിളും വിയർക്കുന്നുണ്ടായിരുന്നു.. തൊലി ഉരിച്ച് കളയുന്ന പ്രകടനം ആണല്ലോ മകൻ്റെ.
ഞാൻ വീഡിയോയിലേക്ക് മിഴികളൂന്നി.
"എനിക്ക് നിന്നെയും അവളെയും ചേർത്ത് കാണുമ്പോ, ആളുകൾ പറയുമ്പോ, സഹിക്കാൻ പറ്റുന്നില്ലെടാ.. ആകെ അസ്വസ്ഥത"
അവളെ എടുത്ത് മടിയിൽ ഇരുത്തി.. ചുണ്ടിൽ ചുംബിച്ച് പുതപ്പ് ഒന്നായി ചേർത്തു അവൻ..
"എന്നെ ഇങ്ങനെ കിട്ടുന്നത് നിനക്ക് അല്ലേ.. ഞാൻ നിൻ്റേതല്ലേഡാ.. എത്ര എത്ര രാത്രികൾ.. എനിക്ക് ഇത് എല്ലാം തന്നത് നീ അല്ലേ.. അവൾക്ക് എന്നെ നിൻ്റെ പകുതി എങ്കിലും വിശ്വാസം ഉണ്ടായിരുന്നെങ്കിൽ ഇത്ര അകൽച്ച കാണിക്കുവോ.. എനിക്ക് ഇനിയും വേണം നിന്നെ.. ഇപ്പൊ.. ഇനി എന്നും.."
എന്നും പറഞ്ഞു അവളുടെ ശരീരം മുഴുവൻ അവൻ കൈകൾ അമർത്തി ഉഴിഞ്ഞു തുടങ്ങുന്നിടത്ത് വീഡിയോ അവസാനിച്ചു..
കല്യാണം കഴിയുന്നത് വരെ കാത്തിരിക്കാൻ പറഞ്ഞതാണ് ഞാൻ ചെയ്ത അകൽച്ച..
ഇനിയും എൻ്റെ കയ്യിൽ ഉണ്ട്.. മുഴുവൻ വീഡിയോ.. എൻ്റെ അവസാന തരി ആത്മാഭിമാനത്തെയൂം ചവിട്ടിയരച്ച് എന്നെ ചെറുതാക്കി, കളിയാക്കി, അങ്ങനെ അവളെ സമാധാനിപ്പിച്ചു, താലോലിച്ച് ഒക്കെ അവളിൽ പടർന്ന് കയറുന്ന ഒരുവനെ. ആദ്യം കണ്ടപ്പോൾ ശർധിക്കാൻ തോന്നിയിരുന്നു.
എങ്കിലും ഞാൻ അതൊന്നും പുറത്ത് വിടില്ല ഒരിക്കലും. ഒരു പെണ്ണിൻ്റെ ശരീരം പുറത്ത് വിട്ട് എനിക്കൊന്നും നേടണ്ട.. ഇതിലും ഞാൻ അവളുടെ ശരീരം blur ആക്കിയിട്ടുണ്ട്.
എനിക്കിപ്പോഴും മനസ്സിലാവാത്ത ഒരു കാര്യമേ ഉള്ളൂ.. അവൻ രണ്ട് പെൺകുട്ടികളെയും ഒരുപോലെ സ്വന്തം സുഖത്തിന് വേണ്ടി ഉപയോഗപ്പെടുത്തുകയായിരുന്നോ.. ?
അവന് കാമവും അവൾക്ക് പ്രണയവും ആയിരുന്നോ??
എന്നിരുന്നാലും.. ഉറ്റ സുഹൃത്തിനെ ചതിച്ചവൾ ആണ്.. കുറ്റബോധം ഇല്ലാതെ ചതി തുടർന്നവൾ ആണ്.. അങ്ങനെ ഒരുവളെ കുറിച്ച് കൂടുതൽ ചിന്തിക്കേണ്ടതില്ല..
എൻ്റെ അവസ്ഥതയെക്കാൾ ഉപരി, അവരുടെ നഷ്ട്ടം മാത്രം ഓർത്ത് അവർ ഇറങ്ങി വീട്ടിൽ നിന്ന്. ആരോടും ഒന്നും എനിക്ക് ബോധിപ്പിക്കാൻ ഉണ്ടായിരുന്നില്ല. എല്ലാം വ്യക്തമാണ്, കണ്ണുള്ളവർക്ക് കാണാം.
.....
മൂന്ന് പേരും തീർത്തും അപരിചിതരായി കഴിഞ്ഞിരുന്നു.. കോളജിൽ എല്ലാവരും ബഹുമാനിച്ചിരുന്ന, ആരാധിച്ചിരുന്ന ഒരുവനെ ഇപ്പോള് എല്ലാവരും, പെൺകുട്ടികൾ പ്രത്യേകിച്ച് അടുപ്പിക്കാതായി. നാട്ടുകാർക്കിടയിൽ ചർച്ചാവിഷയം ആയി..
എല്ലാവർക്കും അറിയുന്ന, എല്ലാവരും അസൂയയോടെ നോക്കിയിരുന്ന ഒരു പ്രണയജോഡി ആയിരുന്നല്ലോ.
എൻ്റെ കുറ്റവും കുറവും കാരണം ആണ് എന്ന് പറഞ്ഞവരും ഉണ്ട്.. ആയിരിക്കാം. പക്ഷേ, പറയാമായിരുന്നു, ഒന്നും രണ്ടും അല്ല, ഒരായിരം വട്ടം ഇങ്ങനെ പറ്റിക്കേണ്ടതില്ലായിരുന്നു.. പറഞ്ഞിരുന്നേൽ, കുറച്ച് വേദനിച്ചിട്ട് ആണെങ്കിലും ഞാൻ ഒഴിഞ്ഞ് കൊടുത്തേനെ.
അവള് ഒത്തിരി ഒതുങ്ങിപ്പോയി ഇപ്പൊ.. അവൻ എങ്കിലും ചേർത്ത് പിടിക്കും എന്ന് വിചാരിച്ചിരിക്കണം.. പക്ഷേ പറഞ്ഞുറപ്പിച്ച ബന്ധത്തിന് പോലും വില കൽപ്പിക്കാത്ത ഒരുവൻ വികാര തള്ളിച്ചയിൽ കൊടുത്ത വാക്കുകൾക്ക് എന്ത് വ്യവസ്ഥ ഉണ്ടാവാനാണ്?
ഞാൻ എൻ്റേതായ കാര്യങ്ങളിൽ വ്യാപൃതയായി.. ഇതിനൊക്കെ മനസ്സ് കൊണ്ട് ഒത്തിരി തയാറെടുത്തത് കൊണ്ട് എനിക്ക് ഒന്നും ഒരു ഷോക്ക് ആയിരുന്നില്ല.
റിസർച്ച് അതിൻ്റെ അവസാനഘട്ടങ്ങളിലേക്ക് കടന്നു. പിറ്റേന്ന് സബ്മിറ്റ് ചെയ്യാൻ വേണ്ടി ഒടുവിലത്തെ മിനുക്കുപണികൾ ചെയ്തിരിക്കുന്ന ഒരു രാത്രിയിൽ എന്തോ കയ് തടഞ്ഞു താഴെ തെറിച്ചത് ഓർമ്മയുണ്ട്..
വീണത് പരതി കണ്ടുപിടിച്ച് നോക്കുമ്പോ അന്ന് മ്യൂസിയത്തിൽ വെച്ച് കിട്ടിയ ആ ചെറിയ മുത്താണ്.. വീഴ്ചയിൽ അതിൻ്റെ വക്ക് പൊട്ടിയത് അറിയാതെ കയ്യിൽ എടുത്തപ്പോ വിരൽ മുറിഞ്ഞ് ചോര പൊടിഞ്ഞു.
അത് കാര്യമാക്കാതെ ഞാൻ അതിൽ നിന്ന് പുറപ്പെട്ട് വന്ന പ്രകാശത്തിൽ മാത്രം ശ്രദ്ധ പതിപ്പിച്ചു..
കൺമുന്നിൽ അതിനു തിളക്കം കൂടി കൂടി വന്നു. കത്തുന്ന ശോഭ! നോക്കി നോക്കി ഇരുന്ന് അതെന്നിൽ തലവേദന ഉളവാക്കി..
"അവരെ പിടിച്ച് കെട്ടി തീയിൽ തള്ളൂ!!"
ഒരു ഘോരമായ, ഭീകരമായ ശബ്ദം!
കാതുകൾ നടുക്കും വിധമുള്ള അലർച്ച,
കണ്ണുകൾ വെട്ടിത്തുറന്നു ഞാൻ ചുറ്റുപാടും നോക്കി.. കണ്ട കാഴ്ച എൻ്റെ സകല ബോധങ്ങൾക്കും അപ്പുറം ആയിരുന്നു!!