Stories that are not in Puranas (5) in Malayalam Anything by BAIJU KOLLARA books and stories PDF | പുരാണങ്ങളിൽ ഇല്ലാത്ത കഥകൾ (5)

Featured Books
Categories
Share

പുരാണങ്ങളിൽ ഇല്ലാത്ത കഥകൾ (5)

♨️ ഒരിക്കൽ ദ്രോണാചാര്യൻ തന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായ അർജുനനോട് ഒരു ചോദ്യം ചോദിച്ചു... ആയോധനകലകളെല്ലാം പൂർത്തീകരിച്ച് പാണ്ഡവർ തിരികെ പോകാൻ ഒരുങ്ങുന്ന സമയമായിരുന്നു അത്.... ദ്രോണർ അർജുനനോട് ചോദിച്ച ചോദ്യം ഇതായിരുന്നു.... ഈ ലോകത്ത് ഏറ്റവും പവിത്രമായതും ഏറെ മഹത്തരം ആയതും എന്താണ് പാർത്ഥ... ദ്രോണാചാര്യൻ ചോദിച്ച ആ ചോദ്യത്തിന് ഉടൻതന്നെ അർജുനൻ ഉത്തരവും പറഞ്ഞു... മഹാ ഗുരുവേ അങ്ങയുടെ ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ അത് നമ്മുടെ ഏവരുടെയും മാതാവ് തന്നെയാണ്.... മാതാ പിതാ ഗുരു ദൈവം ഇതിൽ ഈശ്വരനുപോലും നാലാം സ്ഥാനമേയുള്ളൂ ഒന്നാം സ്ഥാനത്ത് മാതാവ് തന്നെയാണ് നിറഞ്ഞുനിൽക്കുന്നത്.... എന്നാൽ അതേക്കുറിച്ച് കുമാരൻ തന്നെ വളരെ വിശദമായി പറയൂ കേൾക്കട്ടെ ദ്രോണാചാര്യൻ നിർദ്ദേശിച്ചു.... അങ്ങിനെ അർജുനൻ ആ കഥ പറയാൻ തുടങ്ങി... ഈ കഥ നമ്മുടെ കുന്തി മാതാവ് മുൻപൊരിക്കൽ നമ്മോട് പറഞ്ഞു തന്നിട്ടുള്ളതാണ്.... തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം എന്നും മുൻപേ തന്നെ ഓർമ്മപ്പെടുത്തുകയാണ്... അങ്ങിനെ അർജുനൻ കഥ പറഞ്ഞു തുടങ്ങി...!!!     ♨️ പണ്ട് കാന്താര ദേശത്ത് കൃപാവതി എന്ന് പേരായ ഒരു സ്ത്രീ ജീവിച്ചിരുന്നു സത്യത്തിലും ധർമ്മത്തിലും അടിയുറച്ചു വിശ്വസിച്ചിരുന്ന അവർക്ക് രണ്ട് പുത്രന്മാർ ഉണ്ടായിരുന്നു സുമുഖനും സുധർമനും അതായിരുന്നു അവരുടെ പേര്.... ഇവരുടെ ഭർത്താവ് നേരത്തെ മരിച്ചു പോയത് കൊണ്ട് രണ്ടു മക്കളെ കൂടി പോറ്റി വളർത്തേണ്ട ചുമതല കൃപാവതിയുടെ ഉത്തരവാദിത്തമായി.... വളരെ ദുഃഖ ദുരിതങ്ങൾ അനുഭവിച്ചിട്ടാണെങ്കിലും കൃപാവതി തന്റെ രണ്ടു പുത്രന്മാരെയും പൊന്നുപോലെ വളർത്തി... അങ്ങിനെ ഒടുവിൽ അവർ വളർന്നു വലിയവരായി... സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരായ അവർ ഒരു ദിവസം അമ്മയോട് പറഞ്ഞു... പ്രിയ മാതാവേ ഇനി അവിടുന്ന് ഞങ്ങൾക്ക് വേണ്ടി ദുരിതം അനുഭവിക്കേണ്ട സ്വസ്ഥമായി സന്തോഷത്തോടെ ഇനി മാതാവ് നമ്മുടെ ഭവനത്തിൽ കഴിഞ്ഞോളുക.... ഞങ്ങൾ ഇപ്പോൾ തന്നെ ഒരു തൊഴിൽ തേടി ഇറങ്ങുകയാണ് അവിടുന്ന് ഞങ്ങളെ അനുഗ്രഹിക്കണം.... ഇതുകേട്ട് കൃപാവതി തേങ്ങിക്കരഞ്ഞു കൊണ്ട് ആ പുത്രന്മാരോട് പറഞ്ഞു.... നമ്മുടെ പുത്രന്മാരെ ഇതുവരെ നിങ്ങൾ എന്നോടൊപ്പം ഉണ്ടായിരുന്നു എന്നാൽ നിങ്ങൾ എന്നോടൊപ്പമില്ലാത്ത ഒരു ദിവസത്തെക്കുറിച്ച് ഈ മാതാവിന് ചിന്തിക്കാൻ കൂടി കഴിയില്ല... അതുകൊണ്ട് നിങ്ങൾ എന്നെ വിട്ട് എവിടേക്കും ജോലി തേടി പോകേണ്ട.... ഈ മാതാവിന് ജീവനുള്ളിടത്തോളം കാലം നിങ്ങളെ ഞാൻ പൊന്നുപോലെ നോക്കും... എന്നാൽ ആ മാതാവിന്റെ സങ്കടം കാണാൻ കാത്തു നിൽക്കാതെ സുമുഖനും സുധർമനും ജോലി തേടി യാത്രയായി.... അവർ സ്വന്തം ഗൃഹത്തിൽ നിന്നും പുറത്തേക്ക് നടന്നപ്പോൾ ആ മാതാവിന്റെ ഹൃദയം തേങ്ങി.... പൊട്ടിക്കരഞ്ഞുകൊണ്ട് കൃപാവതി ഈശ്വരനോട് പ്രാർത്ഥിച്ചു... എന്റെ പുത്രന്മാരെ കാത്തുകൊള്ളണേ സർവ്വേശ്വരാ....!!!                                           ♨️ ഏറെ അന്വേഷണങ്ങൾക്കൊടുവിൽ സുമുഖനും സുധർമ്മനും രാജകൊട്ടാരത്തിൽ ഒരു ജോലി കിട്ടി അവിടുത്തെ കുതിരാലയത്തിൽ... അങ്ങിനെ ദിവസങ്ങൾ കടന്നുപോയി പുത്രന്മാർ അടുത്തില്ലാതെ കൃപാവതി ഏറെ ദുഃഖിച്ചു... അവരുടെ മനസ്സു നിറയെ സുമുഖനും സുധർമനും ആയിരുന്നു... അവരെ കുറിച്ചുള്ള ഓർമ്മകളിൽ ആ മാതൃ ഹൃദയം സദാ തേങ്ങി കൊണ്ടിരുന്നു.... കണ്ണീരോടെ ഉറങ്ങി കണ്ണീരോടെ തന്നെ ഉണരുന്ന കൃപാവതിയുടെ ദിനങ്ങൾ അങ്ങനെ മുന്നോട്ടു പോയിക്കൊണ്ടിരുന്നു... സുമുഖനും സുധർമനും രാജകൊട്ടാരത്തിലെ ജോലി സംതൃപ്തിയോടെ തന്നെ ചെയ്തു... എന്നാൽ അവിടെ ആരിൽ നിന്നും സ്നേഹം മാത്രം അവർക്ക് ലഭിച്ചില്ല... ഒരിറ്റു സ്നേഹത്തിനായി അവരുടെ മനസ്സ് കൊതിച്ചു... അങ്ങിനെ അവർ വിഷമിച്ചിരിക്കുന്ന സമയത്താണ് കൊട്ടാരം വിദൂഷകൻ തെന്നാലിരാമൻ അവർക്ക് അരികിലെത്തിയത്.... എന്താ കൂട്ടുകാരെ നിങ്ങൾ ഇങ്ങനെ വിഷമിച്ചിരിക്കുന്നത്... എന്താണെങ്കിലും എന്നോട് തുറന്നു പറയൂ... ഏയ് ഞങ്ങൾക്ക് അങ്ങനെ പ്രത്യേകിച്ചു വിഷമങ്ങൾ ഒന്നുമില്ല അവർ രണ്ടുപേരും ഒരുമിച്ചു പറഞ്ഞു.... അതു നുണ നിങ്ങളുടെ മനോവിഷമം എന്താണെന്ന് നിങ്ങൾ രണ്ടുപേരുടെയും മുഖത്തു തന്നെ എഴുതി വച്ചിട്ടുണ്ട്.... പിന്നെ എന്തിനാണ് ഈ തെന്നാലിരാമന്റെ അടുത്ത് ഇങ്ങനെ കള്ളം പറയുന്നത്... കൊട്ടാരം വിദൂഷകൻ തെന്നാലിരാമൻ എല്ലാം കണ്ടുപിടിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഇനി ഒന്നും ഒളിച്ചു വച്ചിട്ട് കാര്യമില്ലായെന്ന് സുമുഖനും സുധർമനും മനസ്സിലായി.... അതുകൊണ്ടുതന്നെ തെന്നാലിരാമന്റെ മുന്നിൽ അവർ അവരുടെ മനസ്സു തുറന്നു.... അവർ പറഞ്ഞതെല്ലാം വളരെ കൃത്യതയോടെ തന്നെ തെന്നാലിരാമൻ മനസ്സിൽ കുറിച്ചിട്ടു... ഒടുവിൽ അദ്ദേഹം പറഞ്ഞു സ്നേഹം എന്നത് അമൂല്യമാണ് അതിന് വിലയിടുക അസാധ്യവും... സ്നേഹം കൊടുത്താൽ മാത്രമേ അത് നമുക്ക് തിരികെ ലഭിക്കുകയുള്ളൂ.... നിങ്ങളുടെ മാതാവിനെക്കുറിച്ച് നിങ്ങൾ മുൻപ് പറഞ്ഞുവല്ലോ ആ മാതാവ് നിങ്ങളെ സ്നേഹിക്കുന്നത് അവരുടെ ജീവനേക്കാൾ ഉപരിയാണ്... അതാണ് സംശുദ്ധമായ സ്നേഹം.. കറകളഞ്ഞ ആത്മാർത്ഥ സ്നേഹം... പത്തുമാസം നൊന്തു പ്രസവിച്ച ഒരു മാതാവിന്റെ സ്നേഹമാണ് ഈ ലോകത്ത് ഏറ്റവും ശ്രേഷ്ഠമായത്... അത് അറിയണമെങ്കിൽ നിങ്ങൾ ആദ്യം നിങ്ങളുടെ മാതാവിനെ മനസ്സിലാക്കണം... ആ സ്നേഹത്തിന്റെ ആഴം അറിയണമെങ്കിൽ നിങ്ങൾ നിങ്ങളുടെ മാതാവിന്റെ ഹൃദയം തൊട്ടറിയണം... നിങ്ങൾക്ക് നിങ്ങളുടെ മാതാവിനോട് സ്നേഹമുണ്ട് എന്നാൽ വേണ്ടവിധം അത് പ്രകടിപ്പിക്കുവാൻ കഴിയുന്നില്ല... അതുകൊണ്ട് ഞാൻ പറയുന്നതുപോലെ ചെയ്യുക നിങ്ങൾ നിങ്ങളുടെ മാതാവിന്റെ അരികിലേക്ക് തിരികെ ചെല്ലുക ആ സ്നേഹത്തിന്റെ തീവ്രത അനുഭവിച്ചറിയുക....!!!                  ♨️ തെന്നാലിരാമൻ പറഞ്ഞത് പ്രകാരം രാജകൊട്ടാരത്തിലെ ജോലി ഉപേക്ഷിച്ച് സുമുഖനും സുധർമനും അതുവരെ ജോലി ചെയ്തു കിട്ടിയ ചെറിയ സമ്പാദ്യവും കൊണ്ട് സ്വന്തം വസതിയിലേക്ക് യാത്ര തിരിച്ചു... കൃപാവതി അവരുടെ വരവും പ്രതീക്ഷിച്ച് വഴിക്കണ്ണുമായി പുറത്തേക്ക് നോക്കിയിരിക്കുന്ന കാഴ്ചയാണ് സുമുഖനും സുധർമനും വീട്ടിലെത്തിയപ്പോൾ കണ്ടത്.... സ്നേഹനിധിയായ ആ മാതാവ് അവരെ രണ്ടുപേരെയും കെട്ടിപ്പുണർന്നു മൂർദ്ധാവിൽ മുത്തം നൽകി പിന്നെ അവരോടൊപ്പം ഗൃഹത്തിലേക്ക് പ്രവേശിക്കുമ്പോൾ കൃപാവതി സുമുഖനോടും സുധർമനോടും ഇപ്രകാരം പറഞ്ഞു... നിങ്ങൾ കൊട്ടാരത്തിൽ നിന്നും മടങ്ങിവരുന്ന വിവരം കൊട്ടാരം വിദൂഷകൻ തെന്നാലിരാമൻ കുറച്ചു മുൻപേ എന്നെ വന്ന് അറിയിച്ചിരുന്നു... പിന്നെ മറ്റൊരു കാര്യം ഈ മാതാവ് ഇനി അധികകാലം ജീവിച്ചിരിക്കില്ലെന്ന് എന്റെ മനസ്സ് പറയുന്നു... ഞാൻ പറയുന്നത് കേട്ട് എന്റെ പുത്രന്മാർ വിഷമിക്കേണ്ട ഞാൻ ഇവിടെ നിന്നും യാത്രയാകുമ്പോൾ നിങ്ങൾ എന്റെ ഒപ്പം ഉണ്ടാകില്ലെങ്കിലും ഞാൻ എന്നും നിങ്ങൾക്കൊപ്പം ഉണ്ടായിരിക്കും ഒരു നിഴലായി... അതുകേട്ട് ആ രണ്ടു മക്കളും ആ മാതാവിന്റെ കാൽക്കൽ വീണു പൊട്ടിക്കരഞ്ഞുകൊണ്ട് ഇങ്ങനെ പറഞ്ഞു... ഞങ്ങളോട് ക്ഷമിക്കു  മാതേ അവിടുത്തെ സ്നേഹത്തിന് ഇത്രയ്ക്കും ആഴം ഉണ്ടെന്ന് മനസ്സിലാക്കാൻ ഞങ്ങൾ വൈകിപ്പോയി.. അമ്മയുടെ സ്നേഹത്തിന് പകരം വയ്ക്കാൻ ഈ ലോകത്തിൽ മറ്റൊന്നിനും സാധിക്കില്ല... അർജുനൻ കഥ പറഞ്ഞ് അവസാനിപ്പിച്ചുകൊണ്ട് ദ്രോണാചാര്യനെ നോക്കി അപ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് അർജുനൻ കണ്ടു... അത് കണ്ട് അവന്റെ ഹൃദയം പിടഞ്ഞു... പാർത്ഥന്റെ കണ്ണുകളും ആ സമയം നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു...!!! ♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️ ശുഭം ♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️