അടുത്ത ഒരു ഞായറാഴ്‌ച കൃഷ്ണ അമ്പലത്തിൽ വരാൻ വിളിച്ച് പറഞ്ഞാണ് ഗാഥ മോളെയും കൂട്ടി ഇറങ്ങിയത്.
തൊഴുതു ഇറങ്ങി കഴിഞ്ഞ് അവളുടെ അടുത്തേക്ക് നടന്നു.
കൃഷ്ണ അവളുടെ കോലം തന്നെ നോക്കി നിന്നു. പഴകിയ ഒരു സാരിയും ഉടുത്ത് ക്ഷീണിച്ച ശരീരത്തോടെ തനിക്ക് മുൻപിൽ നിൽക്കുന്ന തൻ്റെ കൂട്ടുകാരിയെ കണ്ട് അവളുടെ ഉള്ളം വേദനിച്ചു.
" എന്ത് കോലമാണ് ഗാഥേയിത്..?" കൃഷ്ണ ചോദിച്ചു പോയി
" ഇത് ചോദിക്കാനാണോ നീ എന്നെയിങ്ങോട്ടു വിളിച്ച് വരുത്തിയത്." ഗാഥ കള്ള പരിഭവത്തോടെ ചോദിച്ചു.
" വിശാലേട്ടൻ വന്നിട്ടുണ്ട്." കൃഷ്ണ മറ്റ് മുഖവരയൊന്നും തന്നെയില്ലാതെ പറഞ്ഞു.
" മ്മു്...ഞാൻ കണ്ടിരുന്നു.." ഗാഥ അത് പറയുമ്പോൾ മറ്റെങ്ങോട്ടോ നോട്ടം പതിപ്പിച്ചു.
"മ്മു.. ഞാനും.. നിൻ്റെ കാര്യങ്ങളൊക്കെ ചെറുതായി എനിക്ക് പറയേണ്ടി വന്നു." കൃഷ്ണ
" അത് വേണ്ടായിരുന്നു കൃഷ്ണേ.. കഴിഞ്ഞ കാര്യങ്ങള് വീണ്ടും എന്തിനാ കുത്തിപൊക്കുന്നത്." ഗാഥ
" വിശാലേട്ടൻ നിനക്ക് അന്യനാണോ ഡീ… നിനക്ക് പറയാൻ പറ്റുമോ.. അങ്ങേരെ ഓർക്കാത്ത ഒരു ദിവസമെങ്കിലും നിൻ്റെ ജീവിതത്തിലുണ്ടെന്ന്." കൃഷ്ണ
" നീ എന്തൊക്കെയാ പെണ്ണേ പറയുന്നെ.. അതൊക്കെ പഴയ കാര്യങ്ങളല്ലേ.. എൻ്റെ മനസ്സിൽ എൻ്റെ മോള് മാത്രമേയുള്ളു ഇപ്പൊ." ഗാഥ വാക്കുകൾ ഇടറാതെ പറഞ്ഞു നിർത്തി
" ഹും.. നിനക്ക് കള്ളം പറയാൻ ഒട്ടും അറിയില്ല ഗാഥേ.. വിശാലേട്ടൻ ഇപ്പൊ വരും.. നിന്നോട് എന്തോ സംസാരിക്കാൻ ഉണ്ടെന്ന്. അത് കഴിഞ്ഞ് പോയാൽ മതി നീ.." കൃഷ്ണ
" ഞാനോ… ഏയ് ഇല്ല.. എനിക്ക് കഴിയില്ല.. ഞാൻ പോകുന്നു.." ഗാഥ തിരക്ക് കൂട്ടി.
" എവിടേയ്ക്കും പോകുന്നില്ല.. ഇവിടെ നിൽക്ക്.." കൃഷ്ണ അവളെ പിടിച്ച് നിർത്തി
ഗാഥയുടെ കൈയിൽ പിടിച്ച് അടുത്തുള്ള പൂക്കടയിലേക്ക് കൗതുകത്തോടെ നോക്കി നിൽക്കുന്ന അപ്പുമോളെ വാത്സല്യത്തോടെ നോക്കി കൊണ്ട് കൃഷ്ണ ചോദിച്ചു
" മോൾക്ക് മുല്ലപ്പൂ വേണോ.." കൃഷ്ണ
" മ്മും…" അപ്പുമോള് ചിരിയോടെ തലയാട്ടി..
" വാ.. ആൻ്റി വാങ്ങി തരാം." അപ്പുമോളൂടെ കൈയും പിടിച്ച് കൃഷ്ണ കടയിലേക്ക് നടന്നു.
അവർ അരികിൽ നിന്നും മാറിയത് പോലുമറിയാതെ അവള് ആലോചനയിലായിരുന്നു. അവനോട് എങ്ങനെ സംസാരിക്കും.. അവൻ്റെ മുൻപിൽ നിൽക്കാൻ പോലും തനിക്ക് കഴിയില്ലെന്ന് അവൾക്ക് തോന്നി..
ചിന്തകള് കാടുകയറിയപ്പോൾ അതിൽ നിന്നും പുറത്ത് കൊണ്ട് വന്നത് ആൽമര ചുവട്ടിലേക്ക് വന്ന ബൈക്കിൻ്റെ ശബ്ദമാണ്.
" വിശാലേട്ടൻ.." അവളുടെ മനസ്സ് മന്ത്രിച്ചു.
അവൻ അവളെ നോക്കി കൊണ്ട് ബൈക്ക് സ്റ്റാൻഡിൽ നിർത്തി.. അവൾക്ക് വല്ലാത്ത പരവേശം തോന്നി. എങ്ങനെയാണ് അവൻ്റെ മുൻപിൽ നിൽക്കുന്നത്.. ഇങ്ങനെയൊരു കൂടി കാഴ്ച ആഗ്രഹിച്ചിരുന്നില്ല… ഒരിക്കലും….
അവൻ വന്നത് കണ്ട് കൃഷ്ണ മോളെയും കൊണ്ട് അമ്പല കുളത്തിലെ ആമ്പൽ പൂക്കളെ കാണിക്കാൻ കൊണ്ടുപോയി.. അവള് വാങ്ങി നൽകിയ മുല്ലപ്പൂ തലയിൽ ചൂടി അത് ആട്ടി ആട്ടി നടന്നു പോകുകയാണ് അപ്പു മോള്..
വിശാൽ ഗാഥയ്ക്ക് അരികിൽ വന്നു നിന്നു.
" ഗാഥേ…" വിശാൽ ആർദ്രമായി വിളിച്ചു
അവളതിന് വിളി കേട്ടില്ല. അഞ്ച് വർഷം മുൻപ് ഇല്ലാതിരുന്ന എന്തൊക്കെയോ അസ്വസ്ഥത അവന് മുൻപിൽ നിൽക്കുമ്പോൾ അവൾക്ക് തോന്നി… എങ്ങനെയെങ്കിലും അവിടെ നിന്ന് പോരാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി..
" ഗാഥേ.. എന്താ സംഭവിച്ചത്.. ഞാൻ കേട്ടതൊക്കെ…??" അവൻ പാതിയിൽ നിർത്തി
കുറച്ച് നേരം അവള് മിണ്ടിയില്ല… പിന്നെ പറഞ്ഞു.
" കേട്ടതൊക്കെ സത്യമാണ്.." ഗാഥ.
" എങ്ങനെ... പഴയ ഗാഥയുടെ രൂപമെ മാറി പോയിരിക്കുന്നു.. വല്ലാതെ കോലം കെട്ടു." വിശാലിൻ്റെ വാക്കുകൾ ഇടറിയിരുന്നു. അവളെ ഇങ്ങനെ ഒരു അവസ്ഥയിൽ കാണാൻ അവൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.
അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു പുച്ഛം കലർന്നൊരു ചിരി..
"എല്ലാം വിധിയായിരുന്നു.. ഇങ്ങനെയൊക്കെ നടക്കണമെന്ന് ദൈവം മുൻപേ തീരുമാനിച്ചു ഉറപ്പിച്ചിട്ടുണ്ടായിരിക്കാം. എൻ്റെ മോളെ ഓർത്ത് മാത്രമാണ് ഞാൻ ഇന്നും ജീവനോടെ ഇരിക്കുന്നത്.." ഗാഥ അവനെ നോക്കാതെ മറ്റെങ്ങോ നോക്കി നിന്നു കൊണ്ട് പറഞ്ഞു.
അവളുടെ ശബ്ദത്തിൽ പോലും വേദന നിറഞ്ഞിരിക്കുന്നത് പോലെ തോന്നി അവന്.
" എന്താ ഉണ്ടായത് ഗാഥേ..എന്നോട് പറയാൻ നീ എന്തിനാ മടിക്കുന്നത്.." വിശാൽ..
"മടിയൊന്നുമില്ല.. ഞാൻ പറയാം.. എല്ലാം.." അവളൊരു ചിരി വരുത്തിക്കൊണ്ട് പറഞ്ഞു
പതിയെ പതിയെ അവനോട് സംസാരിക്കാൻ അവൾക്ക് നേരത്തെ തോന്നിയ അകൽച്ച മാറി വരുന്നത് അവളറിഞ്ഞു.
അവള് പറഞ്ഞു തുടങ്ങി..
പാലമുറ്റത്ത് തറവാടിൻ്റെ അന്തസ്സിന് കുറവ് വരാത്ത രീതിയിൽ നിറയെ പൊന്ന് അണിയിച്ചാണ് ഗാഥയുടെ വീട്ടുകാർ അവളെ ഒരുക്കിയിറക്കിയത്. ചെറുക്കൻ വീട്ടുകാർ സ്ത്രീധനമായി ഒന്നും തന്നെ ആവശ്യപെട്ടിരുന്നില്ല. അതുകൊണ്ട് കൊടുത്തത് അത്രയും വീട്ടുകാരുടെ ഇഷ്ടത്തിനായിരുന്നു. അൻപത് പവൻ.
കല്യാണം കഴിഞ്ഞ് ഒരാഴ്ച ഉണ്ടായിരുന്നുള്ളൂ രാഹുലിന് ലീവ്. അത് ബന്ധുവീടുകളിൽ വിരുന്നിനു പോയി തീർത്തു..
പിന്നെ ഒരാഴ്ച കൂടി കഴിഞ്ഞ് അവളും കോളേജിൽ പോയി തുടങ്ങി… സന്തോഷം മാത്രം അറിഞ്ഞ നാളുകൾ.. സ്നേഹം കൊണ്ട് മൂടുന്ന ഏട്ടനും അച്ഛനും അമ്മയും…
ദിവസങ്ങൾ കഴിഞ്ഞ് പോയി…
ഒരു ദിവസം രാഹുലിൻ്റെ അമ്മ അടുക്കളയിൽ തെന്നി വീണു.. അന്ന് മുതലായിരുന്നു അവളുടെ ജീവിതം മാറി മറിയാൻ തുടങ്ങിയത്. ഗാഥ കോളേജിൽ നിന്നും വരുമ്പോൾ എല്ലാവരും ഹോസ്പിറ്റലിൽ ആയിരുന്നു..
അമ്മയുടെ നടുവിന് വേദനയുണ്ടായിരുന്നു. ഒരാഴ്ച റെസ്റ്റ് പറഞ്ഞു ഡോക്ടർ. ആ ആഴ്ച അവള് കോളേജിൽ പോകാതെ ആ വീട്ടിലെ ഉത്തമയായ മരുമകളായി ,മകളായി നിന്നു.
ഒരാഴ്ച കഴിഞ്ഞു അമ്മയ്ക്ക് അസുഖം ഒക്കെ മാറി പഴയത് പോലെയായി.. കോളേജിലെ അവസാന സെമസ്റ്റർ ആയത് കൊണ്ട് പ്രോജക്ട് സെമിനാർ ഒക്കെയായി ആകെ തിരക്കുമായിരുന്നു. അതുകൊണ്ട് കൂടുതൽ ദിവസം ലീവ് എടുക്കാൻ കഴിയില്ലായിരുന്നു.
രാവിലെ പണിയൊക്കെ ഒതുക്കി കഴിഞ്ഞ് കോളേജിൽ പോകാൻ ഒരുങ്ങുകയായിരുന്നു ഗാഥ.
" നീ എവിടെയേക്കാണ് രാവിലെ തന്നെ.." രാഹുൽ ഓഫീസിൽ പോകാൻ റെഡിയാകാൻ അകത്തേക്ക് വന്നപ്പോഴാണ് തിടുക്കത്തിൽ ഒരുങ്ങുന്ന അവളെ കണ്ട് ചോദിച്ചത്.
" അതെന്താ രാഹുലേട്ടാ.. കോളേജിൽ പോകണ്ടേ.. ഒരാഴ്ച ലീവായി.. ഇനിയും പോകാതിരുന്നാൽ ക്ലാസ് ഒരുപാട് മിസ്സ് ആകും. എക്സാം ഒക്കെ അടുത്ത് വരുവല്ലെ.." ഗാഥ ചിരിയോടെ പറഞ്ഞു
" അതെങ്ങനെയാ.. നീ പോയ ഇവിടുത്തെ പണികൾ ഒക്കെ ആരാണ് ചെയ്യുന്നത്. അമ്മയ്ക്ക് വയ്യെന്ന് നിനക്ക് അറിയില്ലെ.. ഇനിയും അമ്മയെ ഇട്ടു പണിയിക്കാൻ പറ്റില്ല. നീ കോളേജിൽ പോകുന്നില്ല." രാഹുൽ അവൾക്ക് നേരെ ശബ്ദമുയർത്തി.
അവൻ്റെ അങ്ങനെയൊരു ഭാവം അവൾക്ക് അപരിചിതമായിരുന്നു. അവളൊരു ഞെട്ടലോടെ ആണ് അവനെ നോക്കി നിന്നത്.
" ഏട്ടാ.. പണികളൊക്കെ ഞാൻ ചെയ്തിട്ടുണ്ട്. ഇനി ഒന്നും ചെയ്യാനില്ല.. ഉച്ചയ്‌ക്ക് അച്ഛനും അമ്മയ്ക്കും കഴിക്കാൻ ഉള്ളത് ഉണ്ടാക്കി വെച്ചിട്ടുണ്ട്. എടുത്ത് കഴിച്ചാൽ മതി. തുണികളും കഴുകിയിട്ടു. പ്രത്യേകിച്ച് പണികൾ ഒന്നും ഇല്ലല്ലോ അമ്മയ്ക്ക് ചെയ്യാൻ. പിന്നെ ഞാൻ പോകാതെ ഇരിക്കുന്നത് എന്തിനാണ്." അവള് ചോദിച്ചു
" അത് നീയാണോ തീരുമാനിക്കുന്നത്. ഞാൻ പറയുന്നത് കേട്ടാൽ മതി.. എൻ്റെ ഭാര്യ ഞാൻ പറയുന്നത് കേട്ട് കഴിഞ്ഞോളണം. അല്ലാതെ എന്നെ പഠിപ്പിക്കാൻ വരരുത്.
ഉച്ചയ്ക്ക് ചോറ് അമ്മ എടുത്ത് കഴിക്കണോ… നിന്നെ പിന്നെ എന്തിനാ കെട്ടിക്കൊണ്ട് വന്നത്. ഇത്രയും കാലം എൻ്റെ അമ്മ ഒരുപാട് പണികൾ ചെയ്തിട്ടുണ്ട് ഈ വീടിന് വേണ്ടി. ഇനി അമ്മയ്ക്ക് റെസ്റ്റ് വേണം. അതിനു വേണ്ടിയാണ് നിന്നെ കൊണ്ട് വന്നത്.
അല്ലാതെ പഠിച്ച് വല്യ കളക്ടർ ആകാൻ പോകുവല്ലേ.." രാഹുലിൻ്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് അവൾക്ക് പേടി തോന്നി..
അവൻ എന്താണ് പെട്ടെന്ന് ഇങ്ങനെ ഒക്കെ സംസാരിക്കുന്നതെന്ന് അവൾക്ക് മനസിലായില്ല..
പേടിച്ച് അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകി ഇറങ്ങി..
" നിന്നു കരയാതെ പോയി കഴിക്കാൻ എടുത്ത് വെക്ക്." രാഹുൽ
ഗാഥ കണ്ണീർ തുടച്ചുകൊണ്ട് റൂമിൽ നിന്നും പോയി..
താഴെ അടുക്കളയിലേക്ക് ചെല്ലുമ്പോൾ ആണ് പുറകിലെ മുറ്റത്ത് നിന്നു ഫോണിൽ ആരോടോ സംസാരിക്കുന്ന അമ്മയുടെ ശബ്ദം അവള് കേൾക്കുന്നത്..
"ഹൊ.. ഇതുപോലെ ഒരു പെണ്ണിനെ ഞാൻ വേറെങ്ങും കണ്ടിട്ടില്ല.. പണി ചെയ്യുന്നത് ഒക്കെ കാണണം.. ആർക്കോ വേണ്ടി ചെയ്യുന്നത് പോലെയാണ്.. ഒരു അടുക്കും ചിട്ടയുമില്ല.. എന്ത് ചെയ്താലും അതിനു പുറകെ ഞാൻ നടക്കണം." അമ്മ
ഇത്രയും ദിവസം മോളെ.. മോളെ എന്ന് വിളിച്ചു തനിക്ക് പുറകെ നടന്ന അമ്മയുടെ വാക്കുകൾ അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല..
അവളൊരു നിമിഷം തറഞ്ഞു നിന്നുപോയി..
" ഞാൻ ആ ചെക്കനോട് ആവുന്നത്ര പറഞ്ഞതാണ് എൻ്റെ ആങ്ങളയുടെ മോള് ഇല്ലെ.. പാറു.. അവളെ കെട്ടാൻ.. ചെക്കൻ കേൾക്കണ്ടേ.. അവൾക്ക് ഇവളുടെ തൊലി വെളുപ്പ് കണ്ട് അങ്ങ് പിടിച്ചുപോയി.. എന്നാ പറയാനാ.. അവൻ്റെ വിധി..
പേരിനു കുടുംബ മഹിമ മാത്രമുണ്ട്.. അല്ലാതെ ഒരു വകയില്ലാത്ത കൂട്ടങ്ങളാണ്.." അമ്മയുടെ വാക്കുകൾ അത്രയും കേട്ടപ്പോൾ തന്നെ അവളുടെ മനസ്സ് വിങ്ങി പൊട്ടാറായിരുന്നു.
അവള് അടുക്കളയിലേക്ക് കയറി രാഹുലിന് കഴിക്കാനുള്ള ഭക്ഷണവും എടുത്ത് ഡൈനിംഗിലേക്ക് നടന്നു.
അപ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞു തൂവി കൊണ്ടിരുന്നു.
അവൻ റെഡിയായി താഴേയ്ക്ക് വന്നു..
അവള് അവന് മുൻപിൽ പാത്രം എടുത്ത് വെച്ച് അതിലേക്ക് കഴിക്കാൻ വിളമ്പി..
അവന് ഒപ്പം ഒരു കസേര വലിച്ചിട്ട് അവളും കഴിക്കാനിരുന്നു.
" അച്ഛനും അമ്മയും കഴിച്ചോ…" രാഹുലിൻ്റെ ഓരോ വാക്കുകളും അവളോടുള്ള ഇഷ്ടകേട് വിളിച്ച് പറയുന്ന തരത്തിലായിരുന്നു.
" അച്ഛൻ കഴിച്ചു.. അമ്മയ്ക്ക് ഇപ്പൊ വേണ്ടെന്ന് പറഞ്ഞിരുന്നു.." ഗാഥ പതിയെ മറുപടി പറഞ്ഞു.
" ഹും.. അങ്ങനെ പറഞ്ഞാല് അത് കേട്ട് മിണ്ടാതെ പോന്നോ.. നിർബന്ധിച്ച് കഴിപ്പിക്കണം. എന്തൊക്കെ അസുഖം ഉണ്ടെന്ന് നിനക്ക് അറിഞ്ഞുകൂടെ.. ഇതൊക്കെ നോക്കിയും കണ്ടും ചെയ്യാൻ പഠിപ്പിച്ചു തരണോ…" രാഹുൽ
അവൻ പറയുന്നത് കേട്ട് അവള് മിണ്ടാതെ ഇരുന്നു..
" അമ്മ കഴിച്ചിട്ട് നീ കഴിച്ചാൽ മതി.." രാഹുൽ താക്കീതോടെ പറഞ്ഞു.
കഴിച്ച് തുടങ്ങിയ ഗാഥ അവൻ്റെ വാക്കുകൾ കേട്ട് അറിയാതെ തന്നെ കഴിക്കുന്നത് നിർത്തി അവനെ നോക്കി.. അവൻ അവളെ ഒന്ന് നോക്കുക കൂടി ചെയ്യാതെ ഫോണിൽ നോക്കി കൊണ്ട് കഴിക്കുന്നത് തുടർന്നു..
ഇന്നലെ വരെ അവൻ തന്നോട് എങ്ങനെയായിരുന്നു എന്ന് ചിന്തിച്ചു പോയി അവള്..
തന്നെ കഴിപ്പിക്കാനായിരുന്നു അവൻ്റെ തിടുക്കം മുഴുവനും.. ഗാഥേ… ഗാഥേ… എന്ന് വിളിച്ച് എപ്പോഴും പുറകെ നടക്കുന്ന, തന്നോട് ഒരുപാട് സംസാരിക്കുന്ന, തൻ്റെ ഇഷ്ടങ്ങൾ ഒക്കെ ഓരോന്നും പറയാതെ തന്നെ നോക്കി നടന്ന തൻ്റെ രാഹുലേട്ടൻ.. ഒരു ദിവസം കൊണ്ട് എങ്ങനെ ഇത്ര മാറിപോയി…
ഓർക്കുന്തോറും അവളുടെ കണ്ണുകൾ നിറഞ്ഞു കൊണ്ടിരുന്നു.
പിന്നീടുള്ള ദിവസങ്ങളിൽ ഇത് പതിവായി… അവൻ തന്നോട് പൂർണ്ണമായും അകന്നു പോകുകയാണെന്ന് അവൾക്ക് തോന്നി.. പക്ഷേ കിടപ്പറയിൽ അവന് അവളില്ലാതെ പറ്റില്ലായിരുന്നു.. അത് സ്നേഹിക്കാൻ ആണെങ്കിലും മറിച്ച് വേദനിപ്പിക്കാൻ ആണെങ്കിലും..
പഠിത്തം നിർത്തിയത് അവളുടെ തന്നെ താൽപര്യപ്രകാരം ആണെന്ന് അവളുടെ വീട്ടുകാരെ അവൻ പറഞ്ഞു വിശ്വസിപ്പിച്ചു. അവളുടെ ഏട്ടൻ ഗൗതമിന് അത് അത്ര വിശ്വാസം വന്നിലെങ്കിലും അവള് കൂടി പറഞ്ഞപ്പോൾ അവനും വിശ്വസിച്ചു.
സ്വന്തം വീട്ടിലേക്കുള്ള പോക്കും നന്നേ കുറഞ്ഞു.. അത് രാഹുലിന് അവളോടുള്ള സ്നേഹകൂടുതൽ കൊണ്ടാണെന്ന് അവളുടെ വീട്ടുകാർ വിധിയെഴുതി..
അവനും കുടുംബവും അവളെ അവിടെ ഇട്ടു പെടാപാട് പെടുത്തി..അമ്മയും അവനും വാക്കുകൊണ്ടും പ്രവർത്തികൊണ്ടും അവളെ ഉപദ്രവിക്കുമ്പോൾ അതെല്ലാം കണ്ടിട്ടും ഒരക്ഷരം മിണ്ടാതെ മൗനമായി ഇരുന്നുകൊണ്ട് അവൻ്റെ അച്ഛനും അതിനു കൂട്ടു നിന്നു.
മാസങ്ങൾ കഴിഞ്ഞു, അവള് ഗർഭിണിയായി.. അപ്പോഴും അവളോടുള്ള അവരുടെ നിലപാട് മാറ്റിയില്ല..
അപ്പോഴും അവളുടെ ചിന്ത പെട്ടെന്ന് എന്താണ് ഇവർക്ക് തന്നോടിത്ര ദേഷ്യവും വെറുപ്പുവും എന്നായിരുന്നു..
മാസങ്ങൾ കഴിഞ്ഞു അവളൊരു പെൺ കുഞ്ഞിന് ജന്മം നൽകി.. ആ കുഞ്ഞിനോടും അവർക്ക് വല്യ ഇഷ്ടമൊന്നും ഉണ്ടായില്ല.. എന്നാലും മറ്റുള്ളവരുടെ മുൻപിൽ കാണിക്കാൻ അവർ അതിനെ സ്നേഹിച്ച് വളർത്തുന്നത് പോലെ അഭിനയിച്ചു..
അമ്മ പറയുന്നതായിരുന്നു രാഹുലിന് വേദവാക്യം. അവൻ ഇല്ലാത്ത സമയത്ത് അവളെ കാണാൻ ആരൊക്കെയോ വീട്ടിൽ വരാറുണ്ടെന്ന് വരെ അമ്മ അവനെ പറഞ്ഞു വിശ്വസിപ്പിച്ചു. അത് കേട്ടപാതി അമ്മ പറഞ്ഞത് മുഴുവൻ സത്യമാണെന്ന് വിശ്വസിച്ച് അതിൻ്റെ പേരിലായി അവളെ അവൻ മർദ്ദിക്കുന്നത്..
അമ്മ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞ് തുടങ്ങി… സ്ത്രീധനം വേണ്ടെന്ന് പറഞ്ഞെങ്കിലും കാര്യമായി എന്തെങ്കിലും തരുമെന്ന് കരുതി.. ഇതിപ്പോ ഒരു പെണ്ണിനെ കെട്ടിച്ച് തന്നതല്ലാതെ ആരും തിരിഞ്ഞു നോക്കുന്നില്ലെന്ന്.. എല്ലാം കൊണ്ടും നരകമായി മാറുകയായിരുന്നു അവൾക്ക് ആ വീട്..
പല ദിവസങ്ങളിൽ പട്ടിണിയ്‌ക്ക് ഇടുമായിരുന്നു അവളെ..
അടുത്ത വീട്ടിലെ ആരെങ്കിലും ആണുങ്ങൾ അവളോട് സംസാരിച്ചു പോയാൽ അതിൻ്റെ പേരിൽ രാത്രി അവളുടെ ദേഹത്ത് അവൻ പൊള്ളലേൽപ്പിച്ചും മദ്യകുപ്പി പൊട്ടിച്ചു അതിൻ്റെ ചില്ല് കഷണങ്ങൾ കൊണ്ട് വരഞ്ഞും മുറിവുകൾ ഉണ്ടാക്കി..
പലപ്പോഴും തോന്നിപോയിരുന്നു തനിക്ക് എന്തിന് ഇങ്ങനെയൊരു ജന്മം തന്നതെന്ന്.. പലവട്ടം ജീവൻ അവസാനിപ്പിക്കാൻ തോന്നി പോയെങ്കിലും തൻ്റെ കുഞ്ഞിൻ്റെ നിഷ്കളങ്കമായ മുഖം കാണുമ്പോൾ അവൾക്ക് അതിനും കഴിഞ്ഞിരുന്നില്ല..
വർഷം മൂന്ന് കഴിഞ്ഞു അവളാ വീട്ടിൽ നരകയാതന അനുഭവിക്കാൻ തുടങ്ങിയിട്ട്.. ആരോടും ഒന്നും തുറന്നു പറയാൻ അവൾക്ക് കഴിഞ്ഞില്ല… അവളെ കേൾക്കാൻ ആരും ഉണ്ടായിരുന്നതുമില്ല. ഉണ്ടായിരുന്നയൊരു ചെറിയ ഫോൺ അവളാരെയും വിളിക്കാതിരിക്കാൻ രാഹുൽ തന്നെ നശിപ്പിച്ചിരുന്നു.. സങ്കടങ്ങൾ പറയാൻ ആകെ ഉണ്ടായിരുന്ന കൃഷ്ണയോടുള്ള സംസാരവും അതോടെ നിന്നു.
അന്ന് ഒരു വെള്ളിയാഴ്ച രാഹുലിൻ്റെ അച്ഛനും അമ്മയും വീട്ടിലില്ലായിരുന്നു.രാഹുൽ ബാങ്കിൽ നിന്നും വരുമ്പോൾ കാണുന്നത് വീട്ടുപടിക്കൽ നിന്നും ഇറങ്ങി വരുന്ന ഒരു ചെറുപ്പക്കാരനെയാണ്.. അവള് കുഞ്ഞിനെ ഒക്കെത്തെടുത്ത് നോക്കി നിൽക്കുകയാണ് അവൻ പോകുന്നത്.. രാഹുലിൻ്റെയും വീട്ടുകാരുടെയും സ്വഭാവം നന്നായി അറിയാവുന്നത് കൊണ്ട് അവളുടെ മുഖത്ത് പരിഭ്രമായിരുന്നു. ഇനി ഇതിൻ്റെ പേരിൽ എന്തൊക്കെ അനുഭവിക്കേണ്ടി വരുമെന്ന പേടിയായിരുന്നു അവളിൽ.
അവളുടെ കൂടെ കോളേജിൽ പഠിച്ചിരുന്ന ഒരു പയ്യനായിരുന്നു അത്. അവനും കുടംബവും രാഹുലിൻ്റെ വീടിന് അടുത്തേക്ക് താമസം മാറി വന്നതായിരുന്നു. അവളെ അവിടെയാണ് കെട്ടിച്ചിരിക്കുന്നതെന്ന് അറിയാവുന്നത് കൊണ്ട് പഴയ സൗഹൃദം പുതുക്കാൻ വന്നതായിരുന്നു അവൻ.
പക്ഷേ അവളുടെ ഇപ്പോഴത്തെ കോലവും മുഖത്തെ പരിഭ്രമവും കണ്ടപ്പോൾ തന്നെ അവന് തോന്നി അവളുടെ അവിടുത്തെ സാഹചര്യം അത്ര നല്ലത് അല്ലെന്ന്.. അതുകൊണ്ട് തന്നെ അവൻ അകത്തേക്ക് പോലും കയറാതെ സിറ്റ് ഔട്ടിൽ നിന്നും സംസാരിച്ചു പെട്ടെന്ന് തന്നെ തിരിച്ചു പോവുകയായിരുന്നു.
അതായിരുന്നു രാഹുൽ കണ്ടുകൊണ്ട് വന്നത്…
രാഹുലും ആ പയ്യനും സൗഹൃദത്തോടെ സംസാരിച്ചു. അപ്പോഴും അവൻ്റെ കണ്ണുകൾ അവരെ നോക്കി നിൽക്കുന്ന ഗാഥയിലേക്ക് ഇടയ്ക്ക് ഇടയ്ക്ക് പാറി വീണു. അവൻ്റെ കണ്ണുകളിലെ ഭാവം കണ്ട് അവൾക്ക് വല്ലാതെ പേടി തോന്നി.
അവൻ്റെ പ്രതികരണം എങ്ങനെ ആകുമെന്ന് അവൾക്ക് അറിയായിരുന്നു. അത് ഓർക്കേ അവൾക്ക് പേടി അധികരിച്ചു..
അയാള് പെട്ടെന്ന് തന്നെ യാത്ര പറഞ്ഞു പോയി… രാഹുൽ അകത്തേക്ക് കയറി… പിന്നാലെ അവളും മോളും.
അവൻ നേരെ മുകളിലെ റൂമിലേക്ക് പോയി.. അവൻ പോകുന്നത് ഒന്ന് നോക്കി നിന്നതിനു ശേഷം മോളെ തിണ്ണയിൽ ഇരുത്തി ടീവി ഓൺ ചെയ്തു വെച്ച് കൊടുത്തു. അത് കഴിഞ്ഞ് അവള് അടുക്കളയിലേക്ക് പോയി അവന് ചായ ഇടാനായി..
ചായ ഗ്ലാസിലേക്ക് പകർത്തുന്നതിന് ഇടയിൽ റൂമിൽ നിന്നും അവൻ്റെ വിളി അവള് കേട്ട് ഒന്ന് നടുങ്ങി.
" എടി ഗാഥേ…." രാഹുൽ..
അവൻ്റെ ശബ്ദം അവളിൽ ഒരു വിറയൽ ഉണ്ടാക്കി.. അവള് ചായയുമായി വേഗം മുകളിലേക്ക് പടികൾ കയറി..
മുകളിലേക്ക് നടക്കുമ്പോഴും അവള് തിണ്ണയിലിരിക്കുന്ന മോളെ നോക്കി. വാതിൽ തുറന്നു കിടക്കുകയാണ്.. അത് അടയ്ക്കാൻ അവൾക്ക് തോന്നിയെങ്കിലും അവൻ വിളിച്ച ഉടനെ എത്തിയില്ലെങ്കിൽ അതിനു വേറെ കേൾക്കേണ്ടി വരുമെന്ന് ഓർത്തപ്പോൾ അവള് അതിനു നിൽക്കാതെ മുകളിലേക്ക് തന്നെ നടന്നു.
വാതിലിനു മുൻപിൽ എത്തുമ്പോൾ അവളു കേട്ട് അകത്ത് എന്തോ വീണുടയുന്ന ശബ്ദം. അവള് പേടിയോടെ വാതിലിൻ്റെ പിടിയിൽ തിരിച്ചു. അത് തുറന്ന് അകത്തേക്ക് നോക്കിയ അവള് കണ്ടത് പിന്തിരിഞ്ഞു നിന്നു ടേബിളിൽ കൈ താങ്ങി നിൽക്കുന്ന അവനെയാണ്.
അവൻ നന്നായി കിതയ്ക്കുന്നത് കണ്ട് അവള് വെപ്രാളത്തോടെ അവന് അരികിലേക്ക് ചുവടു വെച്ചു.
" ആ…" അവളുടെ നാവില് നിന്നും വേദനയോടെയുള്ള ശബ്ദം പുറത്തു വന്നു. അവള് താഴേയ്ക്ക് നോക്കി..നിലത്ത് ചിതറി കിടക്കുന്ന മദ്യകുപ്പി. അതിൻ്റെ ചീളുകൾ അവളുടെ കാലിൽ തുളഞ്ഞു കയറി.അതിൽ നിന്നും ചോര തുള്ളികൾ ഒഴുകി തിണ്ണയിൽ പടർന്നു.. എന്നിട്ടും അവള് അത് കാര്യമാക്കാതെ അവന് അരികിലേക്ക് നടന്നു.
പേടിയോടെ…
" ഏട്ടാ…" അവള് വിറച്ച് വിറച്ച് വിളിച്ചു.
അവൻ വെട്ടി തിരിഞ്ഞു പിന്നിൽ നിന്ന അവളെ നോക്കി.. അവൻ്റെ പെട്ടെന്നുള്ള പ്രവൃത്തിയിൽ അവളൊന്നു പിന്നിലേക്ക് ആഞ്ഞ്പോയി കൈയിലിരുന്ന ചായ ഒന്ന് തുളുമ്പി.
" എന്താ ഏട്ടാ.." ഗാഥ
" ഏതവനാടി.. ആ വന്നിട്ട് പോയവൻ.. അച്ഛനും അമ്മയും ഇല്ലാത്ത സമയം നോക്കി വിളിച്ച് വരുത്തിയല്ലെ നിൻ്റെ മറ്റവനെ… അമ്മ പലവട്ടം നിൻ്റെ സ്വഭാവത്തെ പറ്റി പറഞ്ഞിട്ടുണ്ട് എന്നോട്.. അന്നും ഞാൻ പൂർണ്ണമായി വിശ്വസിച്ചില്ല.. ഇന്ന് ഇപ്പൊ നേരിൽ കണ്ടപ്പോൾ ബോധ്യമായി.." മദ്യത്തിൻ്റെ രൂക്ഷ ഗന്ധത്തിന് ഒപ്പം അവൻ്റെ നാവില് നിന്നും ഉതിർന്നു വീണ വാക്കുകൾ അവളെ ചുട്ടു പൊള്ളിച്ചു.
അവന് മുൻപിൽ എതിർത്ത് സംസാരിക്കാനുള്ള ധൈര്യം അവൾക്ക് ഉണ്ടായിരുന്നില്ല.. അവൾക്ക് കണ്ണീർ ഒഴുക്കാൻ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ..
തനിക്ക് മുൻപിൽ കരഞ്ഞു നിൽക്കുന്ന അവളെ കണ്ട് അവന് ദേഷ്യം വർധിച്ചു. അവൻ അവളെ ഒന്ന് നോക്കി.. കൈയിൽ ആവി പറക്കുന്ന ചായ കണ്ട് അവൻ അടുത്ത നിമിഷം അവളുടെ കൈയിൽ നിന്നും അത് പിടിച്ച് വാങ്ങി… അവൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുൻപ് അവൻ അവളുടെ മുഖത്തേക്ക് ആ ചൂട് ചായ ഒഴിച്ചിരുന്നു….
" ആാാാാ……" അവള് മുഖം പൊത്തി അലറി കരഞ്ഞു പോയി…
എന്നിട്ടും അവൻ്റെ കലി അടങ്ങിയില്ല.. അവൻ ഒരുതരം ഭ്രാന്ത് പിടിച്ചവരെ പോലെ ചുറ്റിനും പരതി… ടേബിളിൽ ഇരിക്കുന്ന മദ്യ കുപ്പി കണ്ണിൽ പെട്ടതും അവൻ ഒരു ഉന്മാദത്തോടെ അത് കൈയിലെടുത്തു..
അവനിലെ സംശയരോഗി അതിൻ്റെ വന്യമായ സ്വഭാവത്തിൽ എത്തിയിരുന്നു.
അവൻ കൈയിലിരുന്ന ബോട്ടിൽ ടേബിളിൽ അടിച്ച് പൊട്ടിച്ചു. അതിൻ്റെ പാതി ഭാഗം അവൻ്റെ കൈയിൽ ഭദ്രമായി ഉണ്ടായിരുന്നു..
മുഖത്തെ പൊള്ളലിൻ്റെ വേദനയിൽ പുളഞ്ഞ അവള് തനിക്ക് അരികിലേക്ക് ആ കുപ്പിചില്ലുമായി നടന്നു അടുക്കുന്ന അവനെ കണ്ട് ഭയന്നു…
അവൻ അടുത്തേക്ക് വരുന്തോറും അവള് പേടിയോടെ പിന്നിലേക്ക് ചുവടു വെച്ചു.
അവളുടെ കാലിൽ നിന്നും ഒഴുകി ഇറങ്ങിയ ചോരയിൽ ചവിട്ടി അവൾക്ക് തെന്നുന്നുണ്ടായിരുന്നു. എന്നിട്ടും അവള് പിന്നിലേക്ക് നടന്നു.. തൻ്റെ മരണം മുന്നിൽ കണ്ടു അവളാ നിമിഷം..
" ഏട്ടാ… ഒന്നും ചെയ്യല്ലേ… എന്നെ ഒന്നും ചെയ്യല്ലേ.. ഏട്ടാ. നമ്മുടെ മോള്…അവളെ ഓർത്തെങ്കിലും ഒന്നും ചെയ്യല്ലേ ഏട്ടാ…" അവള് പിന്നിലേക്ക് നടക്കുന്നതിന് ഇടയിൽ അവനോട് കരഞ്ഞു അപേക്ഷിച്ചു…
" മോളോ… ആരുടെ മോള്… ഏതവൻ്റെയോ വിത്തിനെ എൻ്റെ തലയിൽ കെട്ടി വെച്ചിട്ട്… മോള് പോലും…" അവൻ അലറി….
അവൾക്ക് അവനോട് ആ നിമിഷം വെറുപ്പ് തോന്നി പോയി.. തൻ്റെ സ്വന്തം രക്തത്തെ തള്ളി പറഞ്ഞ അവനെ ഓർത്തു ഒരു നിമിഷം സ്വയം പുച്ഛിച്ചു.
അവള് നടന്നു നടന്നു തുറന്നു കിടന്ന വാതിലിൽ തട്ടി നിന്നു.
" ഇനി നീ ജീവിക്കണ്ടാ… ഇന്നത്തോടെ തീർക്കും എല്ലാം ഞാൻ… കുറെയായി സഹിക്കുന്നു… കണ്ടവൻ്റെ വിഴിപ്പ് ഇനി എൻ്റെ തലയിൽ വേണ്ടാ…" രാഹുൽ
അവൻ്റെ ആ ഭാവം അവൾക്ക് മരണഭയം നൽകി.. അവൻ തന്നെ ആക്രമിക്കും എന്ന് ഉറപ്പായി അവൾക്ക്.. പിന്നെ മറുത്തു ഒന്നും ചിന്തിക്കാതെ മുറിയ്ക്ക് വെളിയിലേക്ക് ഓടി…
തൊട്ടു പിന്നാലെ അവനും… കാലിലെ മുറിവിൽ നിന്നും രക്തം ഒഴുകി കൊണ്ടിരുന്നതിനാൽ അവൾക്ക് വിചാരിച്ചപോലെ വേഗത കിട്ടിയില്ല… തനിക്ക് തൊട്ടു പിന്നാലെ വരുന്ന അവനെ നോക്കി അവള് പേടിയോടെ കരഞ്ഞു കൊണ്ട് താഴേക്ക് ഓടി…
അവരുടെ ഒച്ചയും ബഹളവും കേട്ട് ടീവി കണ്ടു കൊണ്ടിരുന്ന അപ്പുമോള് വലിയവായിൽ കരയാൻ തുടങ്ങി…
അവള് ഒരു വിധത്തിൽ ഓടി ഹാളിലെത്തിയ അവള് മോൾക്ക് അടുത്തേക്ക് കരഞ്ഞു കൊണ്ട് ഓടാൻ ഒരുങ്ങിയതും കാലു വഴുതി പിന്നിലേക്ക് വേച്ച് പോയി… അവൾക്ക് തൊട്ടു പുറകെ എത്തിയ അവൻ്റെ കൈയിൽ അവളുടെ നീളമുള്ള മുടി തുമ്പ് കിട്ടി.. അവൻ മുടിയിൽ പിടിച്ച് വലിച്ച് കറക്കി… അവളെ തനിക്ക് നേരെ തിരിച്ചു…
അവൻ്റെ കൈയിലെ ആ മദ്യകുപ്പി അവളുടെ അടിവയറ്റിൽ തുളഞ്ഞു കയറി…. അവളുടെ അലർച്ച ആ വീടിൻ്റെ ചുമരുകളിൽ തട്ടി പ്രതിധ്വനിച്ചു… അമ്മയുടെ കരച്ചിൽ കണ്ട രണ്ടു വയസ്സുകാരി അപ്പു പേടിച്ച് കരഞ്ഞു….
തുടരും…….
Mrudhula