Code Of Murder - 8 in Malayalam Thriller by Gopikrishnan KG books and stories PDF | കോഡ് ഓഫ് മർഡർ - 8

Featured Books
Categories
Share

കോഡ് ഓഫ് മർഡർ - 8



"താൻ ഈ പറയുന്നത് സത്യം ആണോ? "SP കേട്ടത്  വിശ്വാസം ആകാതെ ചോദിച്ചു. 

"അതെ സർ ഇന്ന് രാവിലെ രാജീവിനെ കണ്ടത് ആണ് ഈ കേസിൽ വഴിത്തിരിവ് ആയത്. കൊല്ലപ്പെട്ട അനന്തുവിനെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു രാജീവ്. ഇവർ പ്ലസ് വണ്ണിൽ എത്തുമ്പോൾ ആണ് ഇവരുടെ ക്ലാസ്സിലേക്ക് ജോസഫ് എത്തുന്നത്. ആരോടും അധികം സംസാരിക്കാത്ത പ്രകൃതം ആയിരുന്നു ജോസെഫിന്റെത്. എപ്പോഴും അയാൾ അയാളുടെ ലോകത്ത് ആയിരിക്കും. പക്ഷെ എന്ത് കൊണ്ടോ ഇവർ രണ്ടു പേരോടും അയാൾ കുറച്ചധികം സംസാരിച്ചിരുന്നു. അത് കൊണ്ട് തന്നെ ഇവരുടെ കൂട്ടത്തിലെ മൂന്നാമൻ ആയി അവനെ രാജീവും അനന്തുവും ഉൾക്കൊണ്ടു. അതിനു ശേഷം കോളേജിലും ഇവർ മൂന്ന് പേരും ഒരുമിച്ച് തന്നെ ആയിരുന്നു. 

   ഫൈനൽ സം റിസൾട്ട്‌  വരുന്ന ദിവസം ജോസഫിനെ വിളിക്കാൻ ആയി അവന്റെ വീട്ടിൽ എത്തിയ രാജീവ്‌ വീട് അടച്ചിട്ടിരിക്കുന്നത് കണ്ടു പോരാൻ തുടങ്ങുമ്പോൾ ആണ് പാതി തുറന്ന ജനലിനടുത്തു നിന്നു ചില ശബ്ദങ്ങൾ കേൾക്കുന്നത്. ആ ജനലിലൂടെ കണ്ട കാഴ്ച കണ്ടു അവൻ ഞെട്ടിപ്പോയി. അവിടെ ജോസഫും അനന്തുവും പരസ്പരം മറന്നു കെട്ടിപിടിച്ചു ചുംബിക്കുന്ന കാഴ്ച ആണ് രാജീവ്‌ കണ്ടത്. ഒരു നിമിഷത്തേക്ക് എന്ത് ചെയ്യണം എന്നറിയാതെ നിന്ന രാജീവ്‌ അതിനു ശേഷം അവരുടെ കണ്ണിൽപെടാതെ തിരികെ പോയി. "സൂര്യ പറഞ്ഞു. 

"സോ അനന്തു ഹോമോസെക്ഷ്വൽ ആണെന്നു മറ്റാർക്കും അറിയില്ല അല്ലെ? "SP ചോദിച്ചു. 

"ഇല്ല സർ. ആ സംഭവത്തിന്‌ ശേഷം രാജീവ്‌ അവരിൽ നിന്നൊക്കെ അകന്നു പോസ്റ്റ്‌ ഗ്രാജുയേഷന് ആയി ബാംഗ്ലൂരിലേക്ക് പോയി. അവർ തമ്മിൽ ഉള്ള കോൺടാക്ട്സ് ഒക്കെ ആ സമയത്ത് ഇല്ലാതെ ആയതാണ്. പിന്നീട് ജോസഫും അനന്തുവും വിദേശത്തേക്ക് പോയി. രാജീവ്‌ പല കോളേജുകളിലും ഗസ്റ്റ് ലക്ച്ചറർ ആയി ജോലി നോക്കുന്നു. ജോസഫിനെ കുറിച്ച് അന്വേഷിച്ചതിൽ അയാൾ വിദേശത്തു എവിടേയോ ഒരു കെമിക്കൽ കമ്പനിയിൽ ജോലി ചെയ്തിരുന്നതായി അറിയാൻ കഴിഞ്ഞു. മരിച്ച എല്ലാവരുടെയും ദേഹത്തു ഉണ്ടായിരുന്ന ആ ഡ്രഗ് അങ്ങനെ എളുപ്പത്തിൽ കിട്ടുന്ന  ഒന്നല്ല. പക്ഷെ ജോസഫിന് അയാളുടെ വിദേശത്തുള്ള കോൺടാക്ട് വെച്ചു അത് വളരെ എളുപ്പം സംഘടിപ്പിക്കാവുന്ന ഒന്നാണ്. 

    ജോസെഫിന്റെ വിദേശത്തെ ഒരു സുഹൃത്തിനെ കോൺടാക്ട് ചെയ്തതിൽ നിന്നും കുറച്ചു കാലം മുൻപ് എസ്ടാസോളം എന്ന ഡ്രഗ് അയാൾ അളവിലും അധികം ജോസഫിന് നൽകിയതായി അറിയാൻ കഴിഞ്ഞു. കൊല്ലപ്പെട്ട എല്ലാവരുടെയും ബോഡിയിൽ ഈ ഡ്രഗ്ഗിന്റെ  കണ്ടന്റ് ഉള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. സോ എല്ലാം വെച്ചു നോക്കുമ്പോൾ ജോസഫ് തന്നെ ആയിരിക്കണം ഈ കൊലപാതകങ്ങൾ നടത്തിയിട്ടുണ്ടാവുക. "സൂര്യ പറഞ്ഞു. 

"സോ ഇനി എന്താണ് പ്രശ്നം. ഉടൻ തന്നെ അയാളെ കണ്ടെത്താൻ ഉള്ള ഇൻഫർമേഷൻ എല്ലാ സ്റ്റേഷനുകളിലേക്കും പാസ്സ് ചെയ്യാം "SP പറഞ്ഞു. 

"നോ സർ. അങ്ങനെ ചെയ്യുന്നത് അവനു രക്ഷപെടാൻ ഉള്ള വഴി നമ്മൾ തന്നെ ഒരുക്കികൊടുക്കുന്നതിനു തുല്യം ആകും ".

"വാട്ട്‌ യു മീൻ സൂര്യ. "

"യെസ് സർ. ഇപ്പോൾ നമ്മൾ അവനെ കസ്റ്റഡിയിൽ എടുത്താൽ ഈസി ആയി അവനു പുറത്ത് വരാൻ സാധിക്കും. കാരണം അയാൾ ആണ് ചെയ്തതെന്ന് തെളിയിക്കാൻ നമ്മുടെ കയ്യിൽ സോളിഡ് ആയ യാതൊരു പ്രൂഫും ഇല്ല. ആ ഡ്രഗ് അവൻ വാങ്ങിയത് കൊണ്ടോ അല്ലെങ്കിൽ അനന്തുവിനെ ലവർ ആയിരുന്നു അയാൾ എന്നത് കൊണ്ടോ മാത്രം അവൻ തന്നെ ആണ് എല്ലാം ചെയ്തത് എന്ന് കോടതിയിൽ തെളിയിക്കാൻ നമ്മളെ കൊണ്ട് ആകില്ല. യാതൊരു തെളിവുകളോ സാക്ഷികളോ അവനു എതിരായി നമ്മുടെ കയ്യിൽ ഇല്ല. ഒരു നല്ല വക്കിലിനെ വെച്ചാൽ എല്ലാം നമ്മുടെ ഊഹം എന്ന് പറഞ്ഞു അവനെ കോടതി വെറുതെ വിടും. നമ്മൾ കണ്ടെത്തിയ കാര്യങ്ങൾ എല്ലാം നമുക്ക് യാതൊരു ഉപയോഗവും ഇല്ലാതെ ആകും "സൂര്യ പറഞ്ഞു. 

"അപ്പോൾ നമ്മൾ എന്ത് ചെയ്യണം എന്നാണ് താൻ പറയുന്നത് "SP ചോദിച്ചു. 

"എല്ലാ തവണയും കൊലപാതകം നടക്കാതെ ഇരിക്കാൻ ആയി നമ്മൾ പല നടപടികളും സ്വീകരിക്കാറുണ്ട് പക്ഷെ അത് തടയാൻ നമ്മളെ കൊണ്ട് സാധിക്കാറില്ല. പക്ഷെ ഇത്തവണ നമ്മൾ കൊലപാതകിയെ അതിനു അനുവദിക്കുന്നു. "സൂര്യ ചിരിച്ചുകൊണ്ട് പറഞ്ഞു. 

"താൻ എന്ത് ഫൂളിഷ്നെസ് ആണ് പറയുന്നത് സൂര്യ? അയാളെ കൊല ചെയ്യാൻ അനുവദിക്കണം എന്നോ. വീണ്ടും കൊലപാതകം ചെയ്യാൻ അയാളെ നമ്മൾ പ്രോത്സാഹിപ്പിക്കണം എന്നതാണോ തന്റെ പദ്ധതി "SP ദേഷ്യത്തോടെ ചോദിച്ചു. 

"നോ സർ നെവർ. എല്ലാ തവണയും നമ്മുടെ കണ്ണ് വെട്ടിച്ചു അവൻ അവന്റെ ലക്ഷ്യം പൂർത്തിയാക്കുന്നു. ഓരോ തവണയും അവനു വേണ്ടി വല വിരിച്ചു കാത്തിരിക്കുമ്പോൾ നമ്മൾ കരുതും നമ്മൾ വേട്ടക്കാരനും അവൻ ഇരയും ആണെന്ന്. പക്ഷെ യാഥാർഥ്യത്തിൽ വേട്ടക്കാരൻ അവനും ഇര കൊല്ലപ്പെടുന്ന ആളും ആണ്. നമ്മൾ വെറും കാണികൾ ആയി അവശേഷിക്കുന്നു. പക്ഷെ ഇത്തവണ നമ്മൾ ആകണം യഥാർത്ഥ വേട്ടക്കാർ. അവനെ തെളിവ് സഹിതം പിടിക്കാൻ ഇതിലും നല്ല അവസരം ഇനി നമുക്ക് ലഭിക്കില്ല. ഗോപാലേട്ടനു നമ്മൾ യാതൊരു തരത്തിലും ഉള്ള സംരക്ഷണം ഒരുക്കാൻ പോകുന്നില്ല. അവൻ പതിവ് പോലെ അവന്റെ ഇരയെ തേടി വരട്ടെ. പക്ഷെ ഇത്തവണ വേട്ടയാടുന്നത് നമ്മൾ ആയിരിക്കും "സൂര്യ SP യുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു. അതിന്റെ അർഥം മനസിലാക്കിയിട്ടെന്നോണം SP യുടെ കണ്ണുകൾ ഒരു വേട്ടക്കാരന്റേത് എന്ന പോലെ ചുവന്നു.
******************************************

  ഗോപാലേട്ടന്റെ വീട് രാത്രി 11.30
****************************************

     ഗോപാലേട്ടന്റെ വീടിനു ഇടത് വശത്തുള്ള മതിൽ ചാടി കടന്ന ആ രൂപം പിൻ വശത്തായി വെച്ചിരുന്ന മെയിൻ സ്വിച്ചിന്റെ അടുത്തേക്ക് നടന്നെത്തി. ശേഷം തോൾ ബാഗിൽ നിന്നും ഗ്ലൗസ് എടുത്ത് കയ്യിൽ ധരിച്ച ശേഷം ഫ്യൂസ് ഊരി മാറ്റി അയാൾ ക്രൂരമായി ചിരിച്ചു. 

"ഇട്സ് യുവർ ലാസ്റ്റ് ഡേ "ആ രൂപം മന്ത്രിച്ചു. ശേഷം കയ്യിൽ ഇരുന്ന താക്കോൽ കൂട്ടങ്ങളിൽ ഓരോന്നായി അയാൾ മുൻ വശത്തെ താക്കോൽ ദ്വാരത്തിൽ തിരിച്ചു നോക്കി. അവയിൽ ഒന്ന് ആ കീ ഹോളിനു മാച്ച് ആയി. അയാളുടെ ചുണ്ടിൽ ഏതോ പാട്ടിന്റെ ഈരടികൾ ചൂളമായി തത്തികളിച്ചുകൊണ്ടിരുന്നു. ആ താക്കോൽ തിരിച്ചു കൊണ്ട് ആ വാതിൽ പിടിയിൽ തിരിച്ചപ്പോളേക്കും അത് തുറന്നു വന്നു. ശേഷം അയാൾ ശബ്ദം ഉണ്ടാക്കാതെ അത് പതിയെ തുറന്ന ശേഷം അതെ പോലെ അടച്ചു കൊണ്ട് അകത്തേക്ക് പ്രവേശിച്ചു. ഗോപാലേട്ടന്റെ മുറിയുടെ അടുത്തേക്ക് അയാൾ തന്റെ ചുവടുകൾ വെച്ചു. ആ മുറിയുടെ വാതിലിനു മുൻപിൽ ആയി നിന്ന ശേഷം പോക്കറ്റിൽ സിറിഞ്ചു ഉണ്ടെന്ന് ഉറപ്പു വരുത്തിക്കൊണ്ട് അയാൾ മുറിക്കകത്തേക്കു കയറി. 
"ഇത് നിങ്ങളുടെ അവസാന ഉറക്കം ആണ് ഗോപാൽ. ഇനി ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് ആണ് നിങ്ങളെ ഞാൻ അയക്കാൻ പോകുന്നത് "അതു പറയുമ്പോൾ അയാളുടെ ശ്വാസം വല്ലാതെ ഉയർന്നിരുന്നു. ഇരുളിൽ ഗോപാലേട്ടന്റെ ദേഹത്ത് കിടന്ന പുതപ്പ് വലിച്ചു മാറ്റിയതും അയാൾ ഞെട്ടി ഉണർന്നു. 

     പെട്ടന്ന് ആ മുറിയിലെ ലൈറ്റുകൾ തെളിഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് ഒരു നിമിഷത്തേക്ക് കൊലപാതകിക്ക് മനസിലായില്ല. 

"വെൽക്കം ജോസഫ് "ഗോപാലേട്ടന്റെ കട്ടിലിൽ ഇരുന്ന സൂര്യ പറഞ്ഞു. 

"നീ ആരാ "ജോസഫ് ചോദിച്ചു. 

"ഹഹഹഹ എന്നെ കൊല്ലാൻ അല്ലെ നീ ഇത്രയും കഷ്ടപ്പെട്ട് ഇവിടെ വരെ വന്നത്. എന്നിട്ട് ഈ ചോദ്യം എന്തിന് "സൂര്യ ചിരിച്ചുകൊണ്ട് പറഞ്ഞു. 

"നോ. നീ അല്ല കൊല്ലപ്പെടേണ്ട ആൾ. പറ നീ ആരാണ് "ജോസെഫിന്റെ കണ്ണുകൾ കുറുകി. പെട്ടന്ന് അയാൾ തന്റെ സോക്സിന് ഇടയിൽ ഒളിപ്പിച്ചു വെച്ചിരുന്ന കത്തി കയ്യിലെടുത്തു സൂര്യക്ക് നേരെ വീശി. 

"പറ ആരാണ് നീ? അയാൾ എവിടെ "ജോസഫ് അലറി. 

"ഞാനോ. ഞാൻ ഒരു പാവം പ്രൈവറ്റ് ഡിറ്റക്റ്റീവ്. നിനക്ക് ആവശ്യം ഉള്ള ആൾ സുരക്ഷിതമായി എന്റെ കയ്യിൽ ഉണ്ട്. പക്ഷെ അതിനു മുൻപ് ഇത്രയും ആൾക്കാരെ നീ കൊന്നത് എന്തിനു എന്ന് പറഞ്ഞെ പറ്റു ജോസഫ് "സൂര്യ ഉറച്ച സ്വരത്തിൽ പറഞ്ഞു തീർന്നതും ജോസെഫിന്റെ കയ്യിൽ ഇരുന്ന കത്തി സൂര്യക്ക് നേരെ പാഞ്ഞു വന്നു. 

    അതിൽ നിന്നും വിദഗ്ദമായി ഉരുണ്ട് മാറിക്കൊണ്ട് സൂര്യ കട്ടിലിൽ നിന്നും താഴേക്കു വീണു. അയാളുടെ കയ്യിൽ ഇരുന്ന കത്തി സൂര്യയുടെ തലയിണയിലേക്കു തറച്ചു കയറിയിരുന്നു. അവൻ അത് അലറിക്കൊണ്ട് വലിച്ചൂരിയ ശേഷം തറയിൽ കിടന്ന സൂര്യയുടെ നെഞ്ചിനു നേരെ കത്തിയും ആയി ചാടി വീണു. അതിൽ നിന്നും തല നാരിഴക്ക് ഒഴിഞ്ഞു മാറിയ സൂര്യ അവന്റെ കഴുത്തിലൂടെ കത്രിക പൂട്ടിട്ട ശേഷം കയ്യിലിരുന്ന കത്തി തട്ടി തെറിപ്പിച്ചു. അവൻ സൂര്യയുടെ കാൽപാദം പിടിച്ചു തിരിച്ച ശേഷം തല കട്ടിലിന്റെ കാലിലേക്ക് ആഞ്ഞു ഇടിപ്പിച്ചു.  സൂര്യയുടെ പിടി ഒരു നിമിഷത്തേക്ക് അയഞ്ഞു. ആ ഒരു നിമിഷം തന്നെ കിടന്ന കിടപ്പിൽ ഉയർന്നു ചാടി അവൻ റൂമിനു പുറത്തേക്കു ഓടി വന്നതും അവിടെ ഒളിഞ്ഞിരുന്ന രാജേഷ് കാലു വട്ടം വെച്ചു അവനെ വീഴ്ത്തി. എഴുന്നേൽക്കാൻ ശ്രെമിച്ച അവന്റെ തലയ്ക്കു നേരെ പോലീസുകാർ ഒരുമിച്ച് തോക്ക് ചൂണ്ടി. 

   പുറത്തെ വാതിൽ തുറന്നു SP യോടും മറ്റു പോലീസുകാരോടും ഒപ്പം ഗോപാലേട്ടനും അകത്തേക്ക് കയറി വന്നു. 

"ബാസ്റ്റഡ്  "കയ്യിലിരുന്ന തോക്കിന്റെ പാത്തി കൊണ്ട് ജോസഫിന്റെ മുഖത്തേക്ക് ആഞ്ഞു അടിച്ചു കൊണ്ട് SP ഭദ്രൻ ആക്രോശിച്ചു. അടി കൊണ്ട അവൻ SP യുടെ മുഖത്തേക്ക് പകയോടെ നോക്കി. അത്രയും തോക്കുകൾ  അവന്റെ തലക്കു മീതെ നിന്നിട്ടും അയാളുടെ കണ്ണുകളിൽ ഭയത്തിന്റെ ഒരു കണിക പോലും ഇല്ലായിരുന്നു എന്നത് SP ഭദ്രന്റെ നെഞ്ചിടിപ്പ് കൂട്ടി. 

"രാജേഷ് അറസ്റ്റ് ഹിം "SP പറഞ്ഞു.കയ്യിൽ വിലങ്ങു വയ്ക്കുമ്പോഴും അവന്റെ കണ്ണുകളിൽ പകയുടെ അഗ്നി എരിഞ്ഞുകൊണ്ടേ ഇരുന്നു. പകയോടെ അവൻ ഗോപാലേട്ടനെ നോക്കി. അവന്റെ കണ്ണുകളെ ഭയന്നു അയാൾ തന്റെ തല താഴ്ത്തി. 

"വെയർ ഈസ്‌ സൂര്യ "SP രാജേഷിനോട് ചോദിച്ചു. 
"സർ ഞാൻ ഇവിടെ ഉണ്ട് "നെറ്റിയിൽ കൈ വെച്ചു കൊണ്ട് സൂര്യ പുറത്തേക്കു ഇറങ്ങി. 

"രാജേഷ് ടേക്ക് ഹിം ടു ഹോസ്പിറ്റൽ ബ്ലീഡിങ് ഉണ്ട് "

"നോ സർ ഐ ആം  ഓക്കേ. നമുക്ക് ഇവനിൽ നിന്നും കുറെ അധികം കാര്യങ്ങൾ അറിയാൻ ഉണ്ട്. എന്റെ ചില സംശയങ്ങൾ അതിനു ഉത്തരം നൽകാൻ ഇവനെ കൊണ്ട് മാത്രമേ കഴിയു. സർ ഇവനെ എത്രയും പെട്ടന്നു സ്റ്റേഷനിൽ എത്തിക്കണം "സൂര്യ പറഞ്ഞു. 

"യെസ് സൂര്യ. ഐ ആം റിയലി പ്രൗഡ് ഓഫ് യു. നിന്നെ പോലെ ഒരാൾ ഡിപ്പാർട്മെന്റിൽ ഇല്ലാതെ പോയതിൽ ഞാൻ ഖേദിക്കുന്നു. ഇട്സ് എ ബിഗ് ലോസ് ഫോർ അസ് "SP സൂര്യക്ക് കൈ കൊടുത്തു കൊണ്ട് പറഞ്ഞു. 
    ജോസഫ് സൂര്യയെ നോക്കി പല്ല് ഞെരിച്ചു. അവന്റെ കണ്ണുകളിൽ തെളിഞ്ഞ ഭ്രാന്തനെ നോക്കി സൂര്യ പുഞ്ചിരിച്ചു. 

"രാജേഷ് അവനെ പുറത്തേക്കു ഇറക്ക്. നമുക്ക് അറിയാൻ ഉള്ളതെല്ലാം ഇവനെ കൊണ്ട് പറയിക്കണം "SP പറഞ്ഞു. 

"ഏറ്റു സർ. ഇവൻ കുടിച്ച അമ്മയുടെ മുലപ്പാല് വരെ ഈ നായിന്റെ മോനെക്കൊണ്ട് ഞാൻ തുപ്പിക്കും "രാജേഷ് തന്റെ മുഷ്ടി ചുരുട്ടിക്കൊണ്ട് പറഞ്ഞു. 

"ഉം നടക്കട "അവൻ ജോസഫിന്റെ പിന്നിൽ പിടിച്ചു തള്ളിയ ശേഷം പുറത്തേക്കിറങ്ങി. അവനു പിന്നാലെ SP യും ബാക്കി ഉള്ള പോലീസുകാരും വീടിനു പുറത്തേക്കു നടന്നു. 
"താങ്ക് യു സർ "സൂര്യയെ നോക്കി ഗോപാലേട്ടൻ തന്റെ കൈകൾ കൂപ്പി. 

സൂര്യ അയാളെ പുച്ഛത്തോടെ നോക്കി. 
"താൻ ചെയ്ത തെറ്റിന് കോടതിയിൽ തെളിയിച്ചു തന്നെ കുറ്റക്കാരൻ ആക്കിയാൽ കേരള പോലീസിന് തന്നെ മാനക്കേടായത് കൊണ്ട് അവർ അതിനു മുതിരില്ല. പക്ഷെ ദൈവത്തിന്റെ കോടതി എന്ന് ഒന്നുണ്ട്. അവിടെ താൻ ചെയ്ത തെറ്റിന്റെ ശിക്ഷ തന്നെ കാത്തു ഇരിക്കുന്നുണ്ട്. ഭാര്യയും മക്കളും ഇല്ലാതെ ആരും നോക്കാൻ ഇല്ലാതെ തെരുവ് നായയെ പോലെ ഉള്ള തന്റെ മരണം. അതിലും വലിയ ശിക്ഷ തനിക്ക് ഈ ജന്മം ലഭിക്കാൻ ഇല്ലടോ. അടുത്ത ജന്മം എങ്കിലും ഒരു നല്ല മനുഷ്യൻ ആയി ജനിക്കാൻ താൻ ദൈവത്തോട് പ്രാർത്ഥിക്ക് "അതും പറഞ്ഞു അയാളെ രൂക്ഷമായി നോക്കിയ ശേഷം സൂര്യ ജീപ്പിലേക്കു കയറി. 

      സൂര്യയുടെ ജീപ്പ് ഗേറ്റിനു പുറത്തേക്കു പോകുന്നത് നോക്കി അയാൾ തന്റെ കണ്ണുകൾ ഇറുക്കി അടച്ചു. അതിൽ നിന്ന് ഒരിറ്റു കണ്ണീർ താഴേക്കു പതിച്ചു. അയാൾ കുറ്റബോധത്തോടെ തന്റെ വീടിന്റെ വാതിൽ അടച്ചു. 
******************************************

കുറച്ചു സമയത്തിന് ശേഷം SP ഓഫീസ് 
****************************************
    ഇൻവെസ്റ്റിഗേഷൻ റൂമിനു അകത്തായി ജോസഫിനെയും പ്രതാപിനെയും ഇരുത്തിയിരിക്കുന്നു.SP യും രാജേഷും അവരെ ചോദ്യം ചെയ്യുന്നത് സൂര്യ പുറത്തു നിന്നു കാണുന്നുണ്ടായിരുന്നു. 
"പറയടാ എന്തിനു വേണ്ടി ആണ് നീ ഇത്രയും കൊലപാതകങ്ങൾ നടത്തിയത് "SP ചോദിച്ചു. 

   അതിനു മറുപടി ആയി ജോസഫ് SP യെ ഒന്ന് നോക്കി. 

"നിന്റെ വായിൽ എന്താടാ പഴം തിരുകി വെച്ചിരിക്കുവാണോ. ചോദിച്ചതിനു ഉത്തരം പറയാൻ "രാജേഷ് അവന്റെ കഴുത്തിൽ കയറി പിടിച്ചു. 

"ലീവ് ഹിം രാജേഷ് "SP അവനെ പിടിച്ചു മാറ്റിക്കൊണ്ട് പറഞ്ഞു. 

  രാജേഷിന്റെ കൈ മാറ്റിയതും അയാൾ ചുമച്ചു. ശേഷം അവരെ നോക്കി പൊട്ടിച്ചിരിച്ചു. 

   പ്രതാപ് ഇതൊക്കെ കണ്ടു അവരെ പുച്ഛത്തോടെ നോക്കി. 
"ചിരിക്കാതെ ചോദിച്ചതിനു ഉത്തരം പറയടാ. എന്തിനു വേണ്ടി ആണ് നീ അവരെ കൊന്നത് "SP വീണ്ടും ചോദിച്ചു. 

     എത്രയൊക്കെ ചോദിച്ചിട്ടും തല്ലിയിട്ടും അയാൾ ഒന്നും പറയുന്നില്ലെന്ന് കണ്ട SP ഭദ്രൻ റൂമിനു പുറത്തേക്കു ഇറങ്ങി. 
"സൂര്യ വാട്ട്‌  ഡു യു തിങ്ക്. ഇത് കൊണ്ട് എന്തെങ്കിലും കാര്യം ഉണ്ടാകുമോ "SP ചോദിച്ചു. 

"സർ എനിക്കും ഉറപ്പില്ല. പക്ഷെ എന്നെ കുഴക്കുന്നത് അവന്റെ കണ്ണിലെ ആ നിർവികാരത ആണ്. എത്രയൊക്കെ നിങ്ങൾ ചോദിക്കുമ്പോഴും അവന്റെ ഉള്ളിൽ ഉള്ള ആത്മവിശ്വാസം. ഐ ഫീൽ സം തിങ് സ്ട്രെയ്ൻജ്. "സൂര്യ വിഡീയോയിൽ ഉള്ള ജോസെഫിന്റെ കണ്ണുകളിൽ നോക്കി പറഞ്ഞു. 

"ഇവനെ പിടി കൂടിയ കാര്യം നാളെ പ്രെസ്സ് മീറ്റിൽ പറയണം. അതിനു മുൻപ് അവന്റെ വായിൽ നിന്നു എന്തെങ്കിലും വീഴുമോ എന്ന് നോക്കാം "അതും പറഞ്ഞു കയ്യിൽ ഇരുന്ന ഗ്ലാസിലെ വെള്ളം കുടിച്ച ശേഷം അയാൾ തിരികെ റൂമിലേക്ക്‌ നടന്നു. 

   അപ്പോഴും അവന്റെ കണ്ണിലെ നിഗൂഢതയുടെ അർഥം കണ്ടെത്താൻ ആകാതെ സൂര്യ ജോസെഫിന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. 


      ഇതേ സമയം ഗോപാലേട്ടൻ എല്ലാം അവസാനിച്ചു എന്ന ആശ്വാസത്തിൽ തന്റെ കട്ടിലിൽ മൂടിപ്പുതച്ചു കിടന്നുറങ്ങുന്നുണ്ടായിരുന്നു. പെട്ടന്നു  തന്റെ കാലിൽ എന്തോ തട്ടുന്നത് പോലെ അയാൾക്ക്‌ തോന്നി.  ഉറക്കത്തിൽ കണ്ണുകൾ തുറന്ന അയാൾക്ക് എതിർ വശത്തായി ആരോ തന്നെ നോക്കി ഇരിക്കുന്നത് പോലെ അയാൾക്ക്‌ തോന്നി. പെട്ടന്ന് അയാൾ തന്റെ കൈ എത്തിച്ചു തലയ്ക്കു പിന്നിൽ ആയി ഉള്ള സ്വിച്ച് ഓൺ ചെയ്തു. ലൈറ്റ് ഓൺ ആയതും മുൻപിൽ ഇരിക്കുന്ന ആളുടെ മുഖം കണ്ട് ഗോപാലേട്ടൻ ഞെട്ടി. പാതി വെന്ത മുഖം ഉള്ള രൂപം തന്നെ നോക്കി ചിരിച്ചുകൊണ്ട് ഇരിക്കുന്ന കാഴ്ച കണ്ടു അയാളുടെ ഉള്ളിലെ ഭയത്തിന്റെ കണികകൾ പ്രവർത്തിച്ചു തുടങ്ങി. ഹൃദയമിടിപ്പ് പതിവില്ലാതെ വർദ്ധിച്ചു വന്നു. 

"ആ.....ആരാ നീ "ഗോപാലേട്ടൻ പതറിയ ശബ്ദത്തോടെ ചോദിച്ചു. 

"ഞാനോ ഞാൻ ഒരു ദൂതൻ. നിന്നെ പറഞ്ഞയക്കാൻ ഉള്ള മരണത്തിന്റെ ദൂതും ആയി വന്ന ന്യായാധിപൻ "അയാൾ ഉറക്കെ പൊട്ടിചിരിച്ചുകൊണ്ടിരുന്നു. 

   ഗോപാലേട്ടനു തന്റെ ജീവൻ അപകടത്തിലാണ് എന്ന് തോന്നി. അയാൾ മേശക്കു മുകളിൽ ആയി വെച്ചിരുന്ന തന്റെ സർവീസ് റിവോൾവർ പരതാൻ തുടങ്ങി . 

"ഇതാണോ തിരയുന്നത് "കയ്യിലിരുന്ന റിവോൾവർ ഗോപാലേട്ടനു നേരെ ചൂണ്ടിക്കൊണ്ട് ആ രൂപം ചോദിച്ചു. അയാളുടെ കയ്യിൽ ഇരിക്കുന്നത് തന്റെ സർവീസ് റിവോൾവർ ആണെന്ന സത്യം ഗോപാലേട്ടൻ ഞെട്ടലോടെ തിരിച്ചറിഞ്ഞു. 

"എന്താ നിനക്ക് വേണ്ടത് "ഗോപാലേട്ടൻ ചോദിച്ചു. 
   അതിനു ഉത്തരമായി അയാൾ റിവോൾവർ ഗോപാലേട്ടനു നേരെ ചൂണ്ടി. അയാളുടെ നെറ്റിയിൽ വിയർപ്പു കണങ്ങൾ പൊടിഞ്ഞു തുടങ്ങിയിരുന്നു. 

"നിങ്ങൾക്ക് പാട്ട് ഇഷ്ടമാണോ "ആ രൂപം ചോദിച്ചു. 
അയാൾ അതെ എന്ന അർഥത്തിൽ പേടിച്ചു തലയാട്ടി. 
"നിങ്ങൾക്കായി ഞാൻ ഒരു പാട്ടു പാടിത്തരാം. തന്റെ ജീവിതത്തിൽ കേട്ടിട്ടുള്ളതിൽ വെച്ചു ഏറ്റവും മനോഹരമായ ഗാനം. "

"മരണം വരുമോരു നാൾ 
ഓർക്കുക മർത്യാ നീ 
കൂടെപ്പോരും നിൻ ജീവിത ചെയ്തികളും 
സൽകൃത്യങ്ങൾ ചെയ്യുക നീ 
അലസത കൂടാതെ "

       പെട്ടന്ന് അയാൾ തന്റെ വലം കയ്യിലിരുന്ന സിറിഞ്ചു ഗോപാലേട്ടന്റെ കഴുത്തിലേക്ക് കുത്തി ഇറക്കി. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നതിന് മുൻപ് തന്നെ അയാളുടെ കണ്ണുകൾ അടഞ്ഞു തുടങ്ങിയിരുന്നു. 

    ബോധം മറഞ്ഞു കട്ടിലിൽ കിടക്കുന്ന അയാളെ നോക്കി ആ രൂപം ഒന്നു വികൃതം ആയി ചിരിച്ച ശേഷം ഗ്ലൗസ് ഇട്ട  കൈ ഉപയോഗിച്ചു ഗോപാലേട്ടനെ തന്റെ തോളിലേക്ക് എടുത്ത് ഇട്ട ശേഷം തിരികെ നടക്കാൻ തുടങ്ങി. അപ്പോഴും പാട്ടിന്റെ വരികൾ അയാളുടെ ചുണ്ടുകൾ  മൂളുന്നുണ്ടായിരുന്നു. 

                                                 തുടരും....