പ്രണയം

വാർദ്ധക്യത്തിന്റെ ചുമരുകൾക്കുള്ളിൽ
മോക്ഷം കിട്ടാതലയുന്നുണ്ടെന്റെ
തുരുമ്പെടുത്ത ചില സ്വപ്നങ്ങൾ...
ചിതലെടുക്കുന്ന ഓർമകളെ മറവിക്ക് ബലി നൽകാതെ
തളർന്നുപോയെന്റെ ശരീരത്തിനിനിയും
കടന്നു ചെല്ലാനൊരു മോഹം
ഇരുൾ വീണ ആ പഴയ സ്വപ്നങ്ങളിലേക്ക്.

ഇന്നും ഓരോ ഏകാന്തതയിലും ഞാൻ നിന്നെ തിരയുകയാണ്
എന്റെ മുന്നിലൂടെ ഒരിക്കൽ കൊഴിഞ്ഞു പോയ ആ പനിനീർപ്പൂവിൻ ദളങ്ങളെ
എവിടെനിന്നോ പറന്നു വന്നു
എവിടേക്കോ പറന്നുപോയ അപ്പൂപ്പൻ താടിയെ

മിഴിനീർക്കണങ്ങളാൽ തണുത്തുറഞ്ഞ്
അന്ത്യശ്വാസം വലിക്കുന്നെന്റോർമകളിലൂടെ
യാത്ര നടത്തണം ഒരിക്കൽ കൂടി.

കണ്ടുമുട്ടുന്നവരിൽ നീയുണ്ടാകണം
കണ്ടുവെങ്കിൽ തിരിഞ്ഞു നോക്കുകയുമരുത്.
നരച്ച മുടിയിഴകൾക്കുള്ളിലെ
ചുക്കിച്ചുളിഞ്ഞ ഈ ശരീരത്തെ കണ്ട്
നിനക്ക് അറപ്പുതോന്നിയാലോ.?
തിമിരം ബാധിച്ച ഈ കണ്ണുകളിലെ പ്രണയം ഇപ്പോഴും നീ കാണാത പോയാലോ?
...

എന്നിരിക്കിലും................
തിരിഞ്ഞു നടക്കും മുൻപ്
ഒരിക്കൽ കൂടി നീ എന്റെ പേരു വിളിക്കണം.....
എന്നെ പ്രണയിച്ചിരുന്നു എന്ന് പറയണം.......
കഴിയുമെങ്കിൽ ആ നിമിഷം എനിക്കെന്റെ
യാത്ര അവസാനിപ്പിക്കുകയും വേണം.

Malayalam Poem by Sihabudheen chembilaly : 111556155

The best sellers write on Matrubharti, do you?

Start Writing Now